പിഞ്ചുകുഞ്ഞിനെ കൊത്തി പരുക്കേൽപ്പിച്ച പൂവൻ കോഴിയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മുത്തച്ഛൻ നൽകിയ പരാതിയിൽ ഐപിസി സെക്ഷൻ 324 വകുപ്പ് പ്രകാരം കേസെടുത്തതായി ഏലൂർ പൊലീസ് അറിയിച്ചു. എറണാകുളം മഞ്ഞുമ്മലിൽ മുട്ടാർ കടവു റോഡിലാണ് സംഭവം. (baby injured in cock attack case against owner)

കോഴി മുൻപും സമാനമായ രീതിയിൽ ആക്രമം നടത്തിയിട്ടുണ്ടെന്നും വീട്ടു മുറ്റത്തു നിൽക്കുന്ന മുതിർന്നവരെ പോലും ആക്രമിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഈ വിവരം കോഴിയുടെ ഉടമയെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം. മഞ്ഞുമ്മൽ സ്വദേശിയായ പരാതിക്കാരനെ കാണാൻ ആലുവയിൽ നിന്നും മകളും കുടുംബവും എത്തിയിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ ആണ് പൂവൻ കോഴി ആക്രമിച്ചത്. കുട്ടിയുടെ കണ്ണിന് സമീപവും കവിളിലും ചെവിക്ക് പിന്നിലും കോഴി കൊത്തി.