ഇന്ത്യൻ അണ്ടർ 19 ടീം നായകനായിരുന്ന ഉന്മുക്ത് ചന്ദ് ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കും. 29കാരനായ താരത്തെ ചിറ്റഗോങ്ങ് ചലഞ്ചേഴ്സ് ആണ് ടീമിലെത്തിച്ചത്. വരുന്ന സീസണിൽ താരം ചിറ്റഗോങ്ങിനായി കളിക്കും. ഐപിഎലും രഞ്ജി ട്രോഫിയും അടക്കം ഇന്ത്യയിൽ ഏറെക്കാലം ക്രിക്കറ്റ് കളിച്ച താരം മോശം ഫോമും അവസരങ്ങൾ ലഭിക്കാത്തതും പരിഗണിച്ച് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.

കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ടി-20 ലീഗായ ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഉന്മുക്ത് സ്വന്തമാക്കിയിരുന്നു. മെൽബൺ റെനഗേഡ്സ് ആണ് താരത്തെ ടീമിലെത്തിച്ചത്.

2012ൽ നടന്ന അണ്ടർ 19 ലോകകപ്പിലാണ് ഉന്മുക്ത് ഇന്ത്യയെ നയിച്ചത്. നയിക്കുക മാത്രമല്ല, ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കാനും താരത്തിനു സാധിച്ചു. ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ ഉന്മുക്ത് ആയിരുന്നു മാൻ ഓഫ് ദി മാച്ച്.