കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ സിബിഐ റെയ്ഡില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് 2.85 ലക്ഷം രൂപയും സ്വര്‍ണവും സിബിഐ പിടിച്ചെടുത്തു. കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസില്‍ നിന്ന് സിബിഐ 650 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും കറന്‍സികളും വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടികൂടി. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണവും സിഗരറ്റും പിടികൂടിയത്. 25 മണിക്കൂറാണ് സിബിഐ പരിശോധന നീണ്ടുനിന്നത്.

സ്വര്‍ണക്കടത്തിന് കസ്റ്റംസ്
ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. നിരവധി പേരെ കള്ളക്കടത്ത് സ്വര്‍ണവുമായി ബന്ധപ്പെട്ട് പിടികൂടുകയും ചെയ്തിരുന്നു. കൊച്ചി സിബിഐ യുണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കരിപ്പൂരില്‍ അടുത്തിടെ കോടികളുടെ അനധികൃത സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.