തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ സംസ്‌കാരത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ മതപരമായ ചടങ്ങുകള്‍ നടത്താമെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹം അവരുടെ ബന്ധുക്കള്‍ക്ക് കാണിക്കാം. സംസ്‌കാരത്തിനു മുന്‍പ് മൃതദേഹം പൊതിയുന്ന കവറിന്റെ മുഖഭാഗത്തെ സിബ് മാറ്റി അടുത്ത ബന്ധുക്കളെ മുഖം കാണിക്കാനാണ് അനുമതി.

നിശ്ചിത അകലം പാലിച്ച്‌ മതഗ്രന്ഥങ്ങള്‍ വായിക്കുക, മന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റു ചടങ്ങുകള്‍ ശരീരത്തില്‍ സ്‌പര്‍ശിക്കാതെ ചെയ്യാം. ഒരു കാരണവശാലും മരിച്ചയാളുടെ ശരീരത്തില്‍ സ്‌പര്‍ശിക്കരുത്. മൃതദേഹം കുളിപ്പിക്കാനോ ചുംബിക്കാനോ പാടില്ല.

60 വയസില്‍ മുകളില്‍ പ്രായമുള്ളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവര്‍ മൃതദേഹവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച്‌ ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കുകയോ ദഹിപ്പിക്കുകയോ ചെയ്യാം.

മൃതദേഹത്തിന്റെ തൊട്ടടുത്തുനിന്ന് കാണരുത്. കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹത്തില്‍നിന്ന് വൈറസ്‌ പകരാന്‍ സാധ്യത കൂടുതലായതിനാല്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുത്.