മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുക എന്ന ഉദ്ദേശത്തിലല്ല കേരള രാഷ്ട്രീയത്തില്‍ സജീവമായതെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുമോ എന്നതൊക്കെ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. പലരും ഇക്കാര്യങ്ങളില്‍ തന്നോട് അഭിപ്രായം പറയുന്നുണ്ട്, അതൊക്കെ അവരുടെ സ്‌നേഹം എന്ന നിലയിലാണ് കാണുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ‘പല കാര്യങ്ങളിലും എനിക്ക് വ്യക്തമായ ചിന്തകളുണ്ട്. കേരളത്തെ കുറിച്ച് എനിക്ക് സുവ്യക്തമായ ചിന്തകളുണ്ട്. കേരളത്തെ നന്നാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ ഇപ്പോഴത്തെ ഉത്തരവാദിത്തം പാര്‍ലമെന്റ് അംഗം എന്ന നിലയിലാണ്.

തിരിച്ചുവരാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തരുത്. കേരളത്തില്‍ ഇപ്പോഴും കോണ്‍ഗ്രസിന് നല്ല വേരുകളുണ്ട്. തിരിച്ചുവരണമെങ്കില്‍ സംഘടന, നേതൃത്വം, നല്‍കുന്ന സന്ദേശം എന്നീ മൂന്ന് കാര്യങ്ങള്‍ പ്രധാനമാണ്’, തരൂര്‍ പറഞ്ഞു. തന്റെ കോഴിക്കോട്ടെ പരിപാടി ഏതെങ്കിലും തരത്തില്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നും തരൂര്‍ പ്രതികരിച്ചു. ഡിസിസിയുടെയും വിവിധ സംഘടനകളുടെയും ക്ഷണം സ്വീകരിച്ച് 2009 മുതല്‍ കോഴിക്കോട് പല വേദികളിലും പ്രസംഗിക്കാനെത്തിയിട്ടുണ്ട്. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ താന്‍ പ്രസംഗിക്കുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നമെന്നും എന്തിനാണ് പ്രശ്‌നമെന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുപ്പായം തയ്ച്ചുവെച്ച ചിലരാണ് തരൂരിനെ ആക്രമിക്കുന്നതെന്ന കെ മുരളീധരന്റെ പ്രതികരണത്തില്‍, ആരാണ് മുഖ്യമന്ത്രി കുപ്പായം തയ്ച്ചതെന്ന് മുരളീധരന്‍ തന്നെ വിശദീകരിക്കട്ടെ എന്നായിരുന്നു തരൂരിന്റെ മറുപടി. ഒരു നേതാവിനെ തെരഞ്ഞെടുക്കുമ്പോഴും വിജയിപ്പിക്കുമ്പോഴും ആളുകളുടെ മനസില്‍ ചില കണക്കുകൂട്ടലുകളുണ്ടാകും. ജനത്തിന്റെ മനസില്‍ ചിലരെ കുറിച്ച് ഇഷ്ടക്കേട് തോന്നിയാല്‍ അത് പാര്‍ട്ടിയെ ബാധിക്കും. അത് ഒഴിവാക്കാന്‍ പാര്‍ട്ടി ശ്രദ്ധിക്കണം. ജനങ്ങളില്‍ ആവേശം വളര്‍ത്താന്‍ കഴിയുന്ന നേതാവിനെ കൊണ്ടുവരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ കുറ്റം പറയാനാകില്ലെന്നും ശശി തരൂര്‍ പറഞ്ഞു.