ദൃശ്യം രണ്ടാം ഭാഗം ഒടിടി റിലീസ് ആകുന്നതിന് മുന്‍പ് സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കിയിരുന്നുവെന്ന് സംവിധായകന്‍ അഭിഷേക് പഥക്. സിനിമ കണ്ട് ഇഷ്ടപ്പെട്ടപ്പോള്‍ തന്നെ റീമേക്ക് അവകാശം സ്വന്തമാക്കിയെന്നും തുടര്‍ന്ന് ഞങ്ങള്‍ അത് വികസിപ്പിക്കാന്‍ ആരംഭിച്ചുവെന്നും സംവിധായകന്‍ പറഞ്ഞു. ഫ്രെയിം ടു ഫ്രെയിം റീമേക്ക് ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെ ചെയ്താല്‍ ഒരു സംവിധായകനെന്ന നിലയില്‍ ഒന്നും ചെയ്യാനില്ല. പ്രേക്ഷകരുടെ കാഴ്ചയിലേക്ക് സിനിമയെ കൊണ്ടുവരണം. റീമേക്ക് ആകുമ്പോള്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യും. ഇത് വാമൊഴിയായി പ്രചരിക്കുകയും പ്രേക്ഷകരെ കുറയ്ക്കുകയും ചെയ്യും എന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.

‘റീമേക്കിനായി ഒരു സ്‌ക്രിപ്റ്റ് റീ റൈറ്റ് ചെയ്യുമ്പോള്‍ മാറ്റാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ മാര്‍ക്ക് ചെയ്യുന്നു. സിനിമയുടെ ആശയം എന്താണോ അതിനെ നശിപ്പിക്കാതിരിക്കുക. ട്വിസ്റ്റും കഥാഗതിയും ഉള്‍പ്പെടെ സിനിമയുടെ ആത്മാവില്‍ നാം ഉറച്ചുനില്‍ക്കണം. എന്നാല്‍ തിരക്കഥയില്‍ മാറ്റം വരാം. ഹിന്ദി സിനിമകളെ അപേക്ഷിച്ച് മലയാളം സിനിമകള്‍ അല്പം വ്യത്യസ്തമാണ്. പ്രേക്ഷകരും വ്യത്യസ്തരാണ്. അതുകൊണ്ട് ആ മാറ്റം നമുക്കാവശ്യമാണ്. ഒരു റീമേക്കിന്റെ തിരക്കഥ മാറ്റുന്നത് പ്രധാനമാണ്, പക്ഷേ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്’ അഭിഷേക് വ്യക്തമാക്കി.

ബോളിവുഡില്‍ റീമേക്കുകള്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ദൃശ്യം 2 വിന്റെ വിജയം. റീമേക്കുകള്‍ വിജയിക്കുന്നില്ല എന്നതിനോട് താന്‍ യോജിക്കുന്നിലെന്ന് അദ്ദേഹം പ്രതികരിച്ചു. റീമേക്ക് ചെയ്യപ്പെടുന്ന സിനിമയുടെ ഒറിജിനല്‍ ഒടിടിയില്‍ ലഭ്യമാണെങ്കില്‍ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ കുറവായിരിക്കും. ഈയിടെ വന്ന ചില സിനിമകള്‍ക്ക് അത് തീര്‍ച്ചയായും ദോഷം ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മോഹന്‍ലാല്‍ ഒരു മികച്ച നടനാണെന്ന് അഭിഷേക് പറഞ്ഞു. എന്നാല്‍ ഹിന്ദി പ്രേക്ഷകര്‍ക്ക് അജയ് ദേവ്ഗണിന്റെ വിജയ് സല്‍ഗോങ്കര്‍ എന്ന കഥാപാത്രവുമായാണ് കൂടുതല്‍ ബന്ധപ്പെടുത്താന്‍ സാധിക്കുന്നത്. മലയാളം സീക്വല്‍ പുറത്തിറങ്ങിയെങ്കിലും ഹിന്ദി പതിപ്പ് ആദ്യം കാണണമെന്ന ആഗ്രഹം കൊണ്ട് പലരും അത് കണ്ടില്ല. മലയാളം ദൃശ്യം ഒരു മികച്ച ചിത്രമാണ്, പക്ഷേ ഹിന്ദി പതിപ്പ് പുറത്തിറങ്ങുന്നത് വരെ പിടിച്ചുനില്‍ക്കാന്‍ അവര്‍ തയ്യാറായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.