ലക്‌നൗ : സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍ . ‘ റഗുലേഷന്‍ ആന്‍റ്​ രജിസ്​ട്രേഷന്‍ ഓഫ്​ റിലീജിയസ്​ ​പ്ലേസസ്​ ഓര്‍ഡിനന്‍സ്​ ‘ എന്ന പേരില്‍ കൊണ്ടു വരുന്ന നിയമത്തില്‍ ആരാധനാലയങ്ങളുടെ രജിസ്ട്രേഷന്‍, പ്രവര്‍ത്തന രീതികള്‍, സുരക്ഷ എന്നിവയ്ക്കായുള്ള പ്രത്യേക നിര്‍ദേശങ്ങളുമുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ആരാധനാലയങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ സഹായിക്കുന്നതുമാകും പുതിയ നിയമമെന്ന് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു.

ഓര്‍ഡിനന്‍സിന്​ മന്ത്രിസഭ അംഗീകാരം നല്‍കുന്നതോടെ എല്ലാ ആരാധനലയങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ രജിസ്റ്റര്‍ ചെയ്ത് മാത്രമേ പ്രവര്‍ത്തിക്കാനാകൂ .ആരാധനാലയങ്ങള്‍ക്ക് ലഭിക്കുന്ന സംഭാവനകളെയും, മൂല്യമേറിയ വഴിപാടുകളെ കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ഈ നിയമ പ്രകാരം സൂക്ഷിക്കും. മാത്രമല്ല, നിര്‍ദ്ദിഷ്ട നിയമത്തില്‍ എല്ലാ മതസ്ഥാപനങ്ങളുടെയും സുരക്ഷയ്ക്കായി പ്രത്യേക മാനദണ്ഡങ്ങളും ഉണ്ടാകും.