കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ കൂടാതെ ഉമ്മന്‍ചാണ്ടിയും പരിഗണനയിലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. കൂടുതല്‍ എം.എല്‍.എമാര്‍ പിന്തുണക്കുന്ന ആള്‍ മുഖ്യമന്ത്രിയാകും. മുഴുവന്‍ എം.എല്‍.എമാരുമായും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം അഭിപ്രായം തേടുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ സീറ്റുകള്‍ വീതം വെക്കരുത്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സീറ്റ് വീതം വെച്ചാല്‍ കനത്ത തിരിച്ചടി നേരിടും. നിയോജക മണ്ഡലത്തിന് പറ്റി‍യ സ്ഥാനാര്‍ഥികളെയാണ് തെരഞ്ഞെടുക്കേണ്ടത്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ എടുക്കുന്ന പ്രയാസങ്ങളാണ് കോണ്‍ഗ്രസിനെ ഇതുവരെ അലട്ടിയിട്ടുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

ക്രൈസ്തവ മത നേതാക്കളുമായി യു.ഡി.എഫ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയെ അവര്‍ എത്രമാത്രം വിശ്വാസത്തിലെടുത്തുവെന്ന് അറിയില്ല. ഹൃദയം തുറന്ന ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ താഴേത്തട്ടില്‍ പാര്‍ട്ടിക്ക് ചലനം ഉണ്ടാക്കാനായില്ല. നേതാക്കളുടെ ശ്രദ്ധ ഉണ്ടായില്ലെന്ന പരാതി പ്രാദേശിക പ്രവര്‍ത്തകര്‍ക്കുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ പ്രചാരണത്തിനോ ഇത്തവണയില്ല. വടകര ലോക്സഭ മണ്ഡലത്തിലെ ഏഴ് സീറ്റുകളില്‍ മാത്രം പ്രചാരണം നടത്തുമെന്നും.

ഏത് പാര്‍ട്ടിയുമായുള്ള ബന്ധങ്ങളും യു.ഡി.എഫിലും കെ.പി.സി.സി‍യിലും ചര്‍ച്ച ചെയ്യാതെ ഒരു നയവും പാര്‍ട്ടിയോ മുന്നണിയോ സ്വീകരിച്ചിട്ടില്ലെന്നും ചാനല്‍ അഭിമുഖത്തില്‍ മുരളീധരന്‍ ചൂണ്ടിക്കാട്ടി.