ഫിഫ ലോകകപ്പ് 2022 ന്റെ രണ്ടാം മത്സരദിനമായ ഇന്ന് മൂന്ന് മത്സരങ്ങൾ. ഗ്രൂപ്പ് ബിയിലെ ‌രണ്ട് മത്സരങ്ങളും ഗ്രൂപ്പ് എ യിലെ ഒരു മത്സരവുമാണ് നടക്കുക. യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ടും, നെതർലൻഡുമാണ് ഇന്ന് ഇറങ്ങുന്നവരിലെ പ്രധാനി. 1966 ന് ശേഷം ആദ്യമായി ലോകകപ്പ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ടും അവരുടെ ആരാധകരും.

ദോഹയിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് മത്സരത്തിന്റെ കിക്കോഫ്. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളും, കഴിഞ്ഞ യൂറോ കപ്പിലെ ഫൈനലിസ്റ്റുകളുമായ ഇംഗ്ലണ്ട് തന്നെയാണ് ഈ മത്സരത്തിലെ ഫേവറിറ്റുകൾ. 2018 റഷ്യയിൽ നടന്ന ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് സെമിഫൈനലിലെത്തിയപ്പോൾ ആറ് ഗോളുകൾ നേടിയതിന് ഗോൾഡൻ ബൂട്ട് നേടിയ കെയ്ൻ നിലവിൽ ഇംഗ്ലണ്ടിനായി 75 മത്സരങ്ങളിൽ നിന്ന് 51 ഗോളുകൾ നേടിയിട്ടുണ്ട്. 53 അന്താരാഷ്ട്ര ഗോളുകൾ നേടിയ റൂണിയുടെ ഒപ്പമെത്താൻ ടോട്ടൻഹാം ഹോട്‌സ്‌പർ സ്‌ട്രൈക്കറിന് രണ്ട് ഗോളുകൾ മാത്രമേ ആവശ്യമുള്ളൂ.

ഇറാനെതിരെയുള്ള മത്സരത്തിൽ ആ മാർക്കിന് തുല്യമോ മറികടക്കുകയോ ചെയ്യുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. എന്നാൽ ഫോമിലേക്കുയർന്നാൽ ഏത് കൊലകൊമ്പനേയും വീഴ്ത്താനുള്ള മികവ് ഇറാന്റെ കരുത്താണ്. ഇംഗ്ലണ്ട് നിരയിൽ ഹാരി കെയിന്റേയും, ഇറാൻ നിരയിൽ മെഹ്ദി ടറെമിയുടേയും പ്രകടനങ്ങൾ കളിയിൽ നിർണായക പങ്കു വഹിച്ചേക്കും. ഇംഗ്ലണ്ടിന്റെ വിജയം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും ഒരു അട്ടിമറിക്കുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളയാൻ കഴിയില്ല. യുകെ-ഇറാൻ രാഷ്ട്രീയത്തിന്റെ നിഴലിലാണ് മത്സരം നടക്കുക, കൂടാതെ ‘വൺ ലവ്’ ആംബാൻഡ് വിവാദവും നിലനില്കുന്നുണ്ട്.രണ്ടാം മത്സരത്തിൽ ഗ്രൂപ്പ് എയിൽ സാഡിയോ മാനെ ഇല്ലാത്ത സെനഗൽ വിർജിൽ വാൻ ഡിക്കിന്റെ നെതർലൻഡ്‌സിനെ നേരിടും. അൽ തുമാമ സ്റ്റേഡിയത്തിൽ ഇന്ത്യ‌ൻ സമയം രാത്രി 9.30 നാണ് മത്സരം ആരംഭിക്കുക. 2014 ന് ശേഷം ലോകകപ്പിനെത്തുന്ന ഡച്ച് പട ലൂയിസ് വാൻ ഗാലിന് കീഴിൽ തുടർച്ചയായി 15 കളികളിൽ പരാജയം അറിയാതെയാണ് നിൽക്കുന്നത്.

64 വർഷങ്ങൾക്ക് ശേഷം ലോകകപ്പിന് യോഗ്യത നേടിയെത്തുന്ന വെയിൽസും, യുഎസ്എയും തമ്മിലാണ് രണ്ടാം ദിവസത്തെ അവസാന മത്സരം നടക്കുക. തിങ്കളാഴ്ച്ച രാത്രി 12.30 നാണ് മത്സരം ആരഭിക്കുക. ഏറെക്കുറെ തുല്യശക്തികളായ ടീമുകളാണ് ഇരുവരും. അത് കൊണ്ടു തന്നെ ഒപ്പത്തിനൊപ്പം നിൽക്കുന്ന മത്സരം കാണാൻ ആരാധകർക്കാവും. വെയിൽസ് നിരയിൽ ഗരത് ബെയിലിന്റേയും, യു എസ് എ നിരയിൽ ജിയോവാനി റെയ്നയുടേയും പ്രകടനം നിർണായകമായേക്കും.