മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിലേക്കുള്ള മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കടന്നുവരവ് പിണറായിക്ക് മുസ്ലീം സമുദായത്തില്‍ വ്യാപകമായ സ്വീകാര്യതയുണ്ടാക്കിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മുസ്ലീം വോട്ടുകളുടെ വലിയൊരു ഭാഗം എല്‍ഡിഎഫിന് ലഭിച്ചു. എന്നിരുന്നാലും, ഇത് എക്കാലവും നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യമല്ലെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ‘കൊവിഡ് കാലത്താണ് തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്.

കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിവുള്ള നേതൃത്വമായിട്ട് മുഖ്യമന്ത്രിയെ എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടി. കൂടാതെ, ബിജെപി ഒരു വലിയ ശക്തിയായി ഉയര്‍ന്നുവരുന്നു എന്ന ഭയം ജനങ്ങളില്‍, പ്രത്യേകിച്ച് മുസ്ലീം സമുദായത്തില്‍ അദ്ദേഹം സൃഷ്ടിച്ചു. മുസ്ലീം വോട്ടുകളുടെ വലിയൊരു ഭാഗം എല്‍ഡിഎഫിന് ലഭിച്ചു. എന്നിരുന്നാലും, ഇത് എക്കാലവും നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യമല്ല. അത് മാറും.’ കെ സുരേന്ദ്രന്‍ പറഞ്ഞു. 2016 ല്‍ എല്‍ഡിഎഫിനെതിരെ പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ 2021 ലേക്ക് എത്തുമ്പോള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്ത സ്ഥിതിയായല്ലോയെന്ന ചോദ്യത്തോടായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.ബിജെപി നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് പിണറായി വിജയന്‍ എന്ന ആരോപണവും സുരേന്ദ്രന്‍ തള്ളി. അത്തരമൊരു ആഖ്യാനം ആരാണ് സൃഷ്ടിച്ചതെന്ന് വ്യക്തമല്ല. അടിസ്ഥാന രഹിതമായ ആരോപണമാണതെന്നും സുരേന്ദ്രന്‍ പറഞ്ഞു.2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് എന്ത് പ്രസക്തിയുണ്ടെങ്കിലും അത് നഷ്ടമാകും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം ഒറ്റപ്പെട്ടതല്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.