കേരളത്തില്‍ ബിജെപിക്ക് ശക്തമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സഖ്യം സ്ഥാപിച്ചാല്‍ മാത്രമേ എളുപ്പം വിജയം ഉണ്ടാവു. ആ പോരായ്മ മറികടക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ വിജയം ബിജെപിക്ക് വിദൂരമല്ല. ദിനംപ്രതി പാര്‍ട്ടിയുടെ സാന്നിധ്യം കൂടി വരികയാണ്. എന്നാല്‍ രണ്ട് കക്ഷികളെ മാറി മാറി തെരഞ്ഞെടുക്കുന്ന ബൈപോളാര്‍ രാഷ്ട്രീയമാണ് വോട്ടര്‍മാര്‍ പയറ്റുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു.

‘കരുത്തുറ്റ സഖ്യം ഉണ്ടാക്കാന്‍ കഴിയുന്നില്ലയെന്നതാണ് കേരളത്തില്‍ ബിജെപിയുടെ പോരായ്മ. ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണയില്ലയെന്നതാണ് മറ്റൊരു പ്രതിസന്ധി. ന്യൂനപക്ഷത്തിന്റെ പിന്തുണ ലഭിച്ചില്ലെങ്കില്‍ ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്താവും. സാമുദായിക ധ്രുവീകരണം ഉണ്ടാവുകയെന്നതാണ് മറ്റൊരു സാധ്യത. എന്നാല്‍ കേരളത്തില്‍ അത് സാധ്യമല്ല. അതിനാല്‍ ഞങ്ങള്‍ സഖ്യസാധ്യതകള്‍ തേടുകയാണ്. ഒപ്പം ന്യൂനപക്ഷത്തെ ആകര്‍ഷിക്കാനുള്ള ശ്രമവും നടത്തുന്നു. അത് മുഖ്യമായും ക്രിസ്ത്യന്‍ വിഭാഗത്തെ ആകര്‍ഷിക്കുകയാണ്.’ കെ സുരേന്ദ്രന്‍ പറഞ്ഞു.

കൂടുതല്‍ രാഷ്ട്രങ്ങള്‍ ഇസ്ലാമികമാവുന്നതിനാല്‍ ക്രിസ്ത്യാനികള്‍ അരക്ഷിതാവസ്ഥയിലാണെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ‘കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സാന്നിധ്യം ക്രിസ്ത്യന്‍ സമുദായത്തിനിടയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. പിഎഫ്‌ഐ നിരോധനത്തില്‍ ഹിന്ദുക്കളേക്കാള്‍ ആഹ്ലാദിക്കുന്നത് ക്രിസ്ത്യാനികളാണ്. പിഎഫ്‌ഐ നിരോധനം ക്രിസ്ത്യാനികളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ദേശീയതലത്തിലോ കേരളത്തിലോ കോണ്‍ഗ്രസിന് ഭാവിയില്ലെന്നും ക്രിസ്ത്യന്‍ വിഭാഗം കരുതുന്നു. ഇത് ബിജെപിക്കും ക്രിസ്ത്യാനികള്‍ക്കും ഇടയില്‍ സംവാദത്തിനുള്ള ഇടം ഒരുക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു.ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് എന്ത് പ്രസക്തിയുണ്ടെങ്കിലും അത് നഷ്ടമാകും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം ഒറ്റപ്പെട്ടതല്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.