ന്യൂദല്‍ഹി: കേന്ദ്ര കാബിനറ്റ് ഏകോപന സമിതി സെക്രട്ടറി മലയാളിയായ വി പി ജോയ് ഐഎഎസ് എഴുതിയ പുതിയ പുസ്തകം ‘ഉപനിഷത് കാവ്യ താരാവലി’ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു. ഉപനിഷത്തുകള്‍ കാവ്യ രൂപത്തില്‍ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്ന ഗ്രന്ഥമാണിത്

ബ്യുറോക്രസിയുടെ അമരത്തേക്കു വരുന്ന ഈ മഹാപ്രതിഭയില്‍ ശാസ്ത്രവും സാഹിത്യവും കലയും ചരിത്രവും എക്കണോമിക്സും മാനേജ്‌മെന്റും ഒക്കെ നിറഞ്ഞൊഴുകിയിരുന്നു. ഭാരതീയ ശാസ്ത്രങ്ങളിലും, വൈദിക ഗ്രന്ഥങ്ങളിലും നേടിയ അവഗാഹമായ പാണ്ഡിത്യവും ഉണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ പുസ്തകം.

ജോയിയുടെ ഫാക്‌ട് ഓഫ് ഫ്രീഡം എന്ന ഇംഗ്‌ളീഷ് പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍നിന്ന് ഇലക്‌ട്രോണിക്സ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്കോടെ ബിരുദം നേടിയ ജോയി, വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ രണ്ടു വര്‍ഷം എന്‍ജിനീയറായി ജോലി ചെയ്തശേഷം 1987-ലാണു സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്.

ബര്‍മിങ്ഹാം സര്‍വകലാശാലയില്‍നിന്ന് എം.ബി.എ, ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് അഡ്മിനിസ്ട്രേഷനില്‍നിന്ന് എം.ഫില്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്നു പിഎച്ച്‌.ഡി. എന്നിവ നേടി. ന്യായാധിപന്‍(നോവല്‍), മണല്‍വരകള്‍(കവിതാസമാഹാരം) നിമിഷജാലകം(കവിതാസമാഹാരം) എന്നിവയാണ് മലയാളത്തില്‍ ജോയ് വാഴയിലിന്റെ കൃതികള്‍. കൂടാതെ മനുഷ്യമനസുകളുടെ സങ്കീര്‍ണതകളെക്കുറിച്ചും രാഷ്ട്രീയ ധാര്‍മിക മൂല്യങ്ങളെ കുറിച്ചുള്ള കൃതികള്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. രാജ്യാന്ത ജേണലുകളില്‍ നിരവധി ഗവേഷണപ്രബന്ധങ്ങളും വി.പി. ജോയ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്‍പതു കവിതകളുടെ ഓഡിയോ സിഡി ‘നിമിഷജാലകം’ എന്ന പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്.