ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എന്നാല്‍, ഈ സീസണില്‍ തങ്ങളുടെ ആരാധകരെ മുഴുവന്‍ ധോണിയും സംഘവും നിരാശപ്പെടുത്തി. ഐപിഎല്‍ 13-ാം സീസണില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏകദേശം പുറത്തായി കഴിഞ്ഞു. 11 കളികളില്‍ മൂന്ന് ജയം മാത്രമുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ശേഷിക്കുന്ന മൂന്ന് കളികള്‍ ജയിച്ചാലും ചെന്നൈയ്‌ക്ക് പ്ലേ ഓഫില്‍ കയറുക അസാധ്യമാണ്.

തങ്ങള്‍ക്ക് ഇത്തവണ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്ന് ചെന്നൈ നായകന്‍ എം.എസ്.ധോണി പറയുന്നു. കഴിവിനനുസരിച്ചുള്ള പ്രകടനം നടത്താല്‍ ഈ സീസണില്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്ന് ധോണി തുറന്നുസമ്മതിച്ചു.
“ഈ വര്‍ഷം ഞങ്ങളുടെയല്ല. എല്ലാ കാര്യങ്ങളും ഇത്തവണ തകിടംമറിഞ്ഞു. പല കാര്യങ്ങളും തെറ്റായിപ്പോയി. സാഹചര്യത്തിനനുസരിച്ച്‌ സ്വന്തം കഴിവ് പുറത്തെടുക്കാന്‍ ടീം അംഗങ്ങള്‍ക്ക് സാധിച്ചോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തണം. ഇത്തവണ ഭാഗ്യവും തുണച്ചില്ല. ആദ്യം ബാറ്റ് ചെയ്യണമെന്ന് ആഗ്രഹിച്ച കളികളില്‍ ടോസ് നഷ്‌ടപ്പെട്ടു. പക്ഷേ, എല്ലാവരും നന്നായി പരിശ്രമിച്ചിരുന്നു,” ധോണി പറഞ്ഞു.

ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ പുതുമുഖ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ധോണി പറഞ്ഞു. അടുത്ത വര്‍ഷത്തെ ഐപിഎല്ലാണ് ഇനി ലക്ഷ്യം. നിരവധി യുവതാരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. ഇനിയുള്ള മത്സരങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ധോണി വ്യക്തമാക്കി.

മുംബെെ ഇന്ത്യന്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ നാണംകെട്ട തോല്‍വിയാണ് ചെന്നെെ ഏറ്റുവാങ്ങിയത്. ചെന്നെെ സൂപ്പര്‍ കിങ്‌സിനെ പത്ത് വിക്കറ്റിനാണ് മുംബെെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നെെ സൂപ്പര്‍ കിങ്‌സിന്റെ 114 റണ്‍സ് ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്‌ടപ്പെടുത്താതെ മുംബെെ ഇന്ത്യന്‍ മറികടന്നു.