പാലക്കാട്: പാലക്കാട്ട് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു . സംരക്ഷണം ആവശ്യപ്പെട്ട് നിരവധി തവണ പരാതി നല്‍കിയിട്ടും പൊലീസ് അവഗണിച്ചെന്ന് യുവതിയുടെ അമ്മ പറഞ്ഞു. രാവിലെ 11 മണിക്കാണ് സംഭവം. ഒലവക്കോടുള്ള സ്വകാര്യ ബ്യൂട്ടീഷന്‍ പരിശീലന കേന്ദ്രത്തില്‍ എത്തിയതായിരുന്നു മലമ്ബുഴ സ്വദേശിയായ സരിതയെന്ന യുവതി. പെട്രോള്‍ കാനുമായി ക്ലാസ് മുറിയില്‍ എത്തിയ ഭര്‍ത്താവ് ബാബുരാജ് സരിതയുടെ ദേഹത്ത് പെട്രോളൊഴിക്കുകയായിരുന്നു.

തുടര്‍ന്ന് ലൈറ്റര്‍ കത്തിച്ച്‌ കൊളുത്താന്‍ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് ബാബുരാജിനെ തള്ളിമാറ്റി. സരിത ഓടി മാറിയതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല. സമീപത്തുള്ളവര്‍ ബാബുരാജിനെ പിടിച്ചുവെച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് മലമ്ബുഴ പോലീസ് സ്റ്റേഷനില്‍ ബാബുരാജ് കീഴടങ്ങി.