ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് അദ്ദേഹത്തിന്റ കുടുംബവുമൊത്ത് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് വളരെ വിരളമാണ്. തന്‍റെ കുടുംബജീവിതം സ്വകാര്യമായി സൂക്ഷിക്കുകയാണ് കിമ്മിന്‍റെ പതിവ്. ഇപ്പോഴിതാ മകള്‍ക്കൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അദ്ദേഹം. വെള്ളിയാഴ്ച ഉത്തരകൊറിയ വികസിപ്പിച്ച പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍റെ വിക്ഷേപണത്തിനാണ് കിം മകള്‍ക്കൊപ്പം എത്തിയത്.

ഉത്തരകൊറിയയുടെ വാര്‍ത്ത ഏജന്‍സിയായ കെസിഎൻഎയാണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. വെളുത്ത പഫര്‍ ജാക്കറ്റണിഞ്ഞ് പിതാവിന്‍റെ കൈപിടിച്ചുള്ള കിമ്മിന്‍റെ മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. എന്നാല്‍ കുട്ടിയുടെ പേരിനെക്കുറിച്ച് മാധ്യമങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല.

വെള്ളിയാഴ്ച നടന്ന ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് മേൽനോട്ടം വഹിക്കുമ്പോൾ മകളും കിമ്മിനൊപ്പം ഉണ്ടായിരുന്നതായി കെസിഎൻഎ അറിയിച്ചു.അതേസമയം ഉത്തരകൊറിയയുടെ കഴിവ് വ്യക്തമായി തെളിയിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പരീക്ഷണമെന്ന് കിം ജോങ് ഉൻ ഈ വിക്ഷേപണത്തിന് ശേഷം പ്രതികരിച്ചത് എന്നാണ് വിവരം. ശത്രുക്കൾ ഉത്തര കൊറിയയ്ക്കെതികെ ഭീഷണി ഉയർത്തുന്നത് തുടരുകയാണെങ്കിൽ. ആണവ ആയുധ വഴികള്‍ അടക്കം തേടുമെന്നും കിം പ്രസ്താവിച്ചു.