താന്‍ ജയിലിലേക്ക് പോകാന്‍ കാത്തിരിക്കുകയാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഹിന്ദു മഹാസഭ സ്ഥാപകനായ സവര്‍ക്കറെ താന്‍ ആരാധിക്കുന്നുണ്ടെന്നും കങ്കണ പറഞ്ഞു. വെറുപ്പ് പരത്തിയെന്ന് ആരോപിച്ച്‌ മുംബൈ കോടതി കങ്കണയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കങ്കണ നടന്‍ ആമിര്‍ ഖാനെ വിമര്‍ശിക്കുകയും ചെയ്തു.

‘സവര്‍ക്കര്‍, നേതാ ബോസ്, ഝാന്‍സി റാണി തുടങ്ങിയവരെപ്പോലുള്ളവരെയാണ് ഞാന്‍ ആരാധിക്കുന്നത്. ഇന്ന് എന്നെ ജയിലില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുകയാണ്. അത് എന്റെ തെരഞ്ഞെടുപ്പില്‍ എനിക്ക് ആത്മവിശ്വാസം നല്‍കുന്നു. ഞാന്‍ ജയിലിലേക്ക് പോകാനുള്ള കാത്തിരിപ്പിലാണ്. അതിലൂടെ എന്റെ ആരാധനാപാത്രങ്ങള്‍ കടന്നുപോയ അതേ ദുഃഖത്തിലൂടെ കടന്നുപോകാന്‍ എനിക്കാവും. അത് എന്റെ ജീവിതത്തിന് അര്‍ത്ഥം നല്‍കും. മാഹാരാഷ്ട്രയിലെ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ പ്രതികരിച്ചതു കൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിക്കുന്നത്.’- കങ്കണ കുറിച്ചു.

‘ഝാന്‍സി റാണിയുടെ കോട്ട തകര്‍ത്തത് എങ്ങനെയാണോ, അതുപോലെ എന്റെ വീട് തകര്‍ത്തു. സവര്‍ക്കറിനെ ജയിലില്‍ അടച്ചപോലെ എന്നെയും ജയിലില്‍ അടയ്ക്കാന്‍ ശ്രമം നടത്തുന്നു’ എന്ന് മറ്റൊരു ട്വീറ്റില്‍ കങ്കണ കുറിച്ചു. നടന്‍ ആമിര്‍ ഖാനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്.

മുംബൈയെ പാക് അധിനിവേശ കശ്മീരായി കങ്കണ വിശേഷിപ്പിച്ചതും, മുംബൈയിലെ ഓഫീസ് പൊളിച്ച സര്‍ക്കാര്‍ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമായി എന്ന താരത്തിന്‍്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇത് പിന്നീട് മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള പരസ്യപോരിന് കാരണമാവുകയും ചെയ്തിരുന്നു.