പനാജി :വാഹനം അപകടത്തില്‍പ്പെട്ട കേന്ദ്ര ആയുഷ്‌, പ്രതിരോധ സഹമന്ത്രി ശ്രീപദ്‌ യശോ നായിക്കിന്റെ ആരോഗ്യ നില തൃപ്തികരം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. ശ്രീപദ് നായിക്കിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഓര്‍ത്തോപീഡിക് സര്‍ജറികള്‍ക്ക് അദ്ദേഹത്തെ വിധേയനാക്കിയെന്നും നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും പ്രമോദ് സാവന്ത് പറഞ്ഞു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ശ്രീപദ് നായിക്കിനെ സന്ദര്‍ശിച്ചിരുന്നു. കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും നായിക്കിനെ സന്ദര്‍ശിക്കാന്‍ ഇന്ന് ഗോവയിലെത്തുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു.

തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് ശ്രീപദ് നായിക്ക് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഗോകര്‍ണ്ണത്തിലേക്ക് പോകുന്ന വഴി അംഗോലയ്ക്ക് സമീപത്തായിരുന്നു അപകടം. അപകടത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ വിജയാ നായികും, പേഴ്‌സണല്‍ സെക്രട്ടറിയും മരിച്ചു.