യു.എ.ഇ.യില്‍ അതിശൈത്യം തുടരുന്നു. അല്‍ഐനില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും അന്തരീക്ഷ ഊഷ്മാവ് പൂജ്യത്തിലും താഴെയെത്തി. തിങ്കളാഴ്ച യു.എ.ഇ.യിലെ ഏറ്റവുംകുറഞ്ഞ താപനില മൈനസ് 1.9 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. അല്‍ഐന്‍ രക്‌നയിലാണ് താപനില പൂജ്യത്തിലും താഴെ രേഖപ്പെടുത്തിയത്. കൊടുംതണുപ്പ് അനുഭവപ്പെട്ട പ്രദേശങ്ങളിലെ വെള്ളം തണുത്തുറഞ്ഞു.

ചെടികളിലും വാഹനങ്ങളിലും വെള്ളം തണുത്തുറഞ്ഞുകിടക്കുന്നത് കാണാമായിരുന്നു. മരുഭൂമിയില്‍ വെള്ളം ഐസായിമാറിയ അല്‍ഐന്‍ അല്‍ജിയാ ഭാഗത്തുനിന്നുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. കടുത്ത തണുപ്പില്‍ ടാങ്കിലെ വെള്ളം ഐസായി മാറിയ ദൃശ്യവും സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.