കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാലുള്ള ആത്മഹത്യയില്‍ ആര്‍ക്കെതിരെയും പ്രേരണകുറ്റം ചുമത്താനാകില്ലെന്നാണ് പോലീസ് പറയുന്നത്. തളിപ്പറമ്പ്‌ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാതിരുന്ന സംഭവത്തില്‍ നഗര സഭക്ക് വീഴ്ച പറ്റിയിട്ടില്ല. അനുമതി വൈകിക്കാന്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പികെ ശ്യാമള ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ നഗരസഭ സെക്രട്ടറിക്കും ചെയര്‍ പേഴ്‌സണും എതിരെ കേസ് എടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ഡിവൈഎസ്പി ആണ് റിപ്പോര്‍ട്ട് നല്‍കിയത്.

10 കോടി രൂപ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്‍ററിന് സിപിഎം ഭരിക്കുന്ന നഗരസഭ ലൈസന്‍സ് നല്‍കാത്തതിലുള്ള മനോവിഷമത്തിലാണ് സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം.