മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര പന്തളത്ത് നിന്ന് 1 മണിക്ക് പുറപ്പെടും. കൊവിഡ് സാഹചര്യമായതിനാല്‍ വഴി നീളെയുള്ള തിരുവാഭരണ ദര്‍ശനവും മാല ചാര്‍ത്തലും ഉണ്ടാവില്ല. ഈ മാസം 14 നാണ് മകരവിളക്ക്.

പന്തളം സ്രാമ്ബിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗ സംഘം ശിരസിലേറ്റി കാല്‍നടയായി ശബരിമലയില്‍ എത്തിക്കുന്നത്. 11.45-ന് ആഭരണങ്ങള്‍ വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ആചാരപരമായ ചടങ്ങുകള്‍. 12.55ന് നീരാജനമുഴിഞ്ഞ് തിരുവാഭരണപ്പെട്ടി പുറത്തേക്കെഴുന്നെള്ളിച്ച്‌ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള ശിരസിലേറ്റും. പരമ്ബരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ തങ്ങും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്.

പ്ലാപ്പള്ളിയില്‍ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകുന്നേരത്തോടെ സംഘം ശബരിമലയില്‍ എത്തിച്ചേരും. തിരുവാഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്ബോള്‍ പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിയും. ഘോഷയാത്രയ്‌ക്കൊപ്പം ഈ വര്‍ഷം സംഘാംഗങ്ങള്‍ മാത്രമാണ് ഉണ്ടാവുക. മറ്റ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.