മസ്കത്ത്: ആറ് മാസത്തിലധികം ഒമാന് പുറത്ത് താമസിച്ച റെസിഡന്റ് വിസയുള്ള വിദേശികള്‍ക്ക് തിരികെ വരാന്‍ ഏര്‍പ്പെടുത്തിയിരുന്ന സൌകര്യം നിര്‍ത്തലാക്കി. വിദേശ തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തായിരിക്കെ ഓണ്‍ലൈനായി വിസ പുതുക്കുന്നതിനായി ഉണ്ടായി നിലവിലുണ്ടായിരുന്ന സംവിധാനവും ഇതോടെ എടുത്ത് നീക്കിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ഇളവുകള്‍ നീക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍. വ്യോമഗതാഗതം പുനസ്ഥാപിക്കുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തതോടെയാണ് നേരത്തെ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഒഴിവാക്കിയിട്ടുള്ളതെന്നാണ് റോയല്‍ ഒമാന്‍ പോലീസ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2021 ജനുവരി ഒന്നുമുതല്‍ തന്നെ സര്‍ക്കാര്‍ വിസാ നിയമത്തിലെ നിബന്ധനകള്‍ പുനഃസ്ഥാപിക്കാന്‍ ആരംഭിച്ചിരുന്നു.

തൊഴില്‍ വിസയിലുള്ളവര്‍ 180 ദിവസത്തിലധികം രാജ്യത്തിന് പുറത്ത് തങ്ങരുതെന്നാണ് ഒമാന്‍ വിസാ നിയമത്തിലെ ചട്ടം. 180 ദിവസത്തിലധികം രാജ്യത്തിന് പുറത്ത് തങ്ങിയാല്‍ വിസ റദ്ദാകും. എന്നാല്‍ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ ജൂലൈയിലാണ് ഒമാന്‍ വിദേശകള്‍ക്ക് താല്‍ക്കാലിക ഇളവുകള്‍ പ്രഖ്യാപിച്ചത്.

താല്‍ക്കാലിക ഇളവ് അനുസരിച്ച്‌ സ്പോണ്‍സറുടെ സമ്മതപത്രം ഉണ്ടെങ്കില്‍ ഇക്കാലയളവ് കഴിഞ്ഞവര്‍ക്കും ഒമാനിലേക്കും തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നു. അല്ലാത്തപക്ഷം ഇത്തരത്തില്‍ 180 ദിവസത്തിലധികം വിദേശത്ത് കഴിഞ്ഞവര്‍ക്ക് ഒമാനിലേക്ക് തിരിച്ചെത്തണമെങ്കില്‍ സ്പോണ്‍സര്‍മാര്‍ അതാത് എമിഗ്രേഷന്‍ ഓഫീസുകളുമായി ബന്ധപ്പെടണം. ഈ സാഹചര്യം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമാണ് നിലവിലെ വിസ റീ ഇഷ്യൂ ചെയ്ത് നല്‍കുക.