തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തീയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള നികുതി ഒഴിവാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നികുതി ഒഴിവാക്കുന്നതിനു പുറമേ മറ്റു ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു യോഗം.

പത്തുമാസക്കാലമായി തീയേറ്റര്‍ അടഞ്ഞുകിടക്കുകയാണ്. ഈ കാലഘത്തിലെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി തുക ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച്‌ 31നുള്ളില്‍ തിയേറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. തദ്ദേശസ്വയംഭരണം, ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച്‌ 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിയേറ്ററുകല്‍ തുറക്കാന്‍സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തുറക്കില്ലെന്ന നിലപാടിലായിരുന്നു ഫിലിം ചേംബര്‍. സര്‍ക്കാര്‍ പറയുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ തീയേറ്റര്‍ തുറന്നാല്‍ വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണ് ഫിലിം ചേംബര്‍ ഈ നിലപാട് സ്വീകരിച്ചത്. കൂടാതെ പ്രതിസന്ധി നേരിടുന്നമറ്റു മേഖലകള്‍ക്കു ഇളവുകളും സഹായങ്ങളും പ്രഖ്യാപിച്ചതുപോലെ സിനിമാ മേഘലക്കും അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.