കേരള ജനത ശ്വാസമടക്കി കണ്ണിമചിമ്മാതെ കണ്ട മരടിലെ ഫ്ലാറ്റ് പൊളിക്കലിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. തീരദേശ നിയമങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയാണ് സുപ്രീം കോടതി 4 ഫ്ലാറ്റ് സമുച്ഛയങ്ങള്‍ പൊളിച്ച്‌ നീക്കാന്‍ ഉത്തരവിട്ടത്. അതേസമയം ഒരു വര്‍ഷത്തിനിപ്പുറം പൊളിഞ്ഞുവീണ ഫ്ലാറ്റുകളുടെ സ്ഥാനത്ത് വീണ്ടും ഫ്ലാറ്റ് ഉയര്‍ത്താനുള്ള നിയമ പോരാട്ടത്തിലാണ് വീട് നഷ്ടമായവര്‍. വധ ശിക്ഷയ്ക്ക് വിധിച്ച കുറ്റവാളിയ്ക്ക് ആരാച്ചാര്‍ മുഖം മൂടി അണിയിച്ച്‌ നിര്‍ത്തിയതുപോലെ ആയിരുന്നു അന്ന് ഫ്ലാറ്റുകള്‍. വെള്ളപുതച്ച്‌ നിന്ന കെട്ടിടത്തില്‍ നിന്ന് കണ്ണെടുക്കാതെ കേരളക്കര നിന്ന നിമിഷം ഒരുപക്ഷേ മറക്കാനാകില്ല.

അതേസമയം ആല്‍ഫ സെറിന്‍ ഫ്ലാറ്റിന് സമീപത്ത് താമസിച്ചിരുന്ന ദിവ്യയുടെയും, ഹരിയുടെയും കണ്ണുമാത്രം തങ്ങളുടെ കൊച്ചുകൂരയിലായിരുന്നു. കാരണം കടുകുമണിയ്ക്ക് കണക്ക് പിഴച്ചാല്‍ ജീവിത സബാധ്യം മണ്ണിനടയിലാകും. അന്ന് തകര്‍ന്ന ഫ്ലാറ്റുകള്‍നോക്കി ജനം ആര്‍ത്ത് വിളിച്ചപ്പോള്‍ പോലീസിനെ തട്ടിമാറ്റി വീടിനടുത്തേക്ക് ഓടുകയായിരുന്നു ഹരിയും ദിവ്യയും. ഒരു വര്‍ഷത്തിനിപ്പുറം, ഫ്ലാറ്റുകളുടെ സ്ഥാനത്ത് ഏതാനും കോണ്‍ക്രീറ്റ് അവശിഷ്ടവും ഒരുപിടി നിയമ പ്രശനങ്ങളുമാണ് അവശേഷിക്കുന്നത്. എന്നാല്‍ പൊളിച്ച്‌ നീക്കിയ ഫ്ലാറ്റുകളുടെ ഭൂമി ആര്‍ക്കെന്നതായിരുന്നു ഒരു ചോദ്യം. ഭൂമിയുടെ വിലയടക്കം നല്‍കിയാണ് നിര്‍മ്മാതാക്കളില്‍ നിന്ന് ഫ്ലാറ്റുകള്‍ വാങ്ങിയതെന്നതിനാല്‍ ഉടമസ്ഥര്‍ തങ്ങള്‍ തന്നെയെന്ന് ഫ്ലാറ്റുടമകള്‍ വ്യക്തമാക്കുന്നുണ്ട്.

ഇനി സുപ്രീം കോടതിയിലെ കേസുകള്‍ ആവസാനിക്കുന്നതോടെ ഇതേ സ്ഥലത്ത് വീണ്ടും ഫ്ലാറ്റ് ഉയര്‍ത്താനുള്ള ഒരുക്കവും വീട് നഷ്ടമായവര്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ ഫ്ലാറ്റ് പൊളിക്കലിനും നഷ്ടപരിഹാരം നല്‍കാനുമായി ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി ഇതുവരെ നല്‍കിയത് 62, കോടി 25 ലക്ഷം രൂപ. കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്ന് ആ പണം ഈടാക്കാണമെന്നായിരുന്നു ഉത്തരവ്. 110 കോടിരൂപ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആകെ കിട്ടിയത് 4 കോടി 90 ലക്ഷം രൂപയാണ്.