ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കും. വെള്ളിയാഴ്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തും. ഷാര്‍ജ ബുക്ക് അതോറിറ്റി ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 11ന് വൈകിട്ട് ആറു മുതല്‍ 7.30 വരെ ബാള്‍ റൂമിലാണ് പരിപാടി. പ്രേക്ഷകരുമായി താരം സംവദിക്കും.(shah rukh khan to attend sharjah international book fair)

പതിനഞ്ച് ലക്ഷത്തോളം കൃതികളാണ് ഇത്തവണ ഷാര്‍ജ പുസ്തകോൽസവത്തിലുള്ളത്. ലോകത്തെ തന്നെ ഏറ്റവും വലിയ പുസ്തകമേളയെന്ന ഖ്യാതിയും ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം സ്വന്തമാക്കി കഴിഞ്ഞു.അക്ഷരങ്ങൾ പരക്കട്ടെ എന്നതാണ് ഇത്തവണത്തെ ഷാര്‍ജ പുസ്തകോൽസവത്തിൻറെ പ്രമേയം.നാല്‍പ്പത്തിയൊന്നാം പതിപ്പിലേക്കെത്തി നിൽക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ പുസ്തകോൽസവങ്ങളിലൊന്നായി ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം വളര്‍ന്നു കഴിഞ്ഞു. 95 രാജ്യങ്ങളാണ് ഇക്കുറി ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവത്തിൻറെ ഭാഗമാകുന്നത്. 2213 പ്രസാകരാണ് ഈ വര്‍ഷം അവരുടെ പുസ്തകങ്ങളുമായി ഷാര്‍ജയിലേക്കെത്തിയിരിക്കുന്നത്.

മുന്നൂറിലേറെ മലയാളം പുസ്തകങ്ങളുടെ പ്രകാശനവും ഈ പുസ്തകോത്സവത്തിൽ നടക്കും. സുനിൽ പി.ഇളയിടം, ജി.ആര്‍.ഇന്ദുഗോപൻ, സി.വി.ബാലകൃഷ്ണൻ തുടങ്ങി വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒട്ടേറെ എഴുത്തുകാരും ഇത്തവണ പുസ്തകോത്സവത്തില്‍ പങ്കെടുക്കും.