ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യ ഉദ്പാദിപ്പിക്കുന്ന കോവിഡിനെതിരായ ഓക്സ്ഫഡ് കോവിഷീല്‍ഡ് വാക്സിന് 200 രൂപ വില നിശ്ചയിക്കാന്‍ ധാരണയായി. കേന്ദ്രസര്‍ക്കാര്‍ വാക്സീന് ഓര്‍ഡര്‍ നല്‍കിയതായി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു. ആദ്യഘട്ടമായി 1.10 കോടി ഡോസുകള്‍ ഉടനെ വിതരണം ചെയ്യും. പത്തു കോടി ഡോസുകള്‍ക്കാണ് 200 രൂപ വീതം വില ധാരണയായതെന്നാണ് റിപോര്‍ട്ടുകള്‍. കേന്ദ്രം നേരിട്ട് വാക്സിന് ഒാര്‍ഡര്‍ നല്‍കുന്നതിലൂടെ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാകുമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ജനുവരി 16ന് വാക്സീന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. കോവിഷീല്‍ഡ് വാക്സീനും കോവാക്സീനുമാണ് അടിയന്തര ഉപയോഗത്തിനായി അനുമതി നല്‍കിയിരിക്കുന്നത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പൂനെ കേന്ദ്രത്തില്‍ ഇന്നോ നാളെയോ വിതരണത്തിനുള്ള കോവിഷീല്‍ഡിന്‍റെ ആദ്യഘട്ടം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.