ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്ബോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 206 എന്ന നിലയിലാണ്. ഇനി 201 റണ്‍സ് കൂടിയാണ് ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടത്. ഇന്ത്യക്കായി റിഷഭ് പന്ത് (73), ചേതേശ്വര്‍ പൂജാര (41) എന്നിവര്‍ പുറത്താവാതെ നില്‍ക്കുകയാണ്. ഇരുവരും ചേര്‍ന്ന് അപരാജിതമായ 104 റണ്‍സിന്‍്റെ കൂട്ടുകെട്ടിലും പങ്കാളിയായി. രോഹിത് ശര്‍മ്മ (52), ശുഭ്മന്‍ ഗില്‍ (31), അജിങ്ക്യ രഹാനെ (4) എന്നിവരാണ് പുറത്തായത്.

2 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍, രണ്ടാം ഓവറില്‍ തന്നെ രഹാനെ പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. 4 റണ്‍സ് മാത്രമെടുത്ത താരത്തെ നഥാന്‍ ലിയോണിന്‍്റെ പന്തില്‍ മാത്യു വെയ്ഡ് പിടികൂടുകയായിരുന്നു. വിഹാരിക്ക് പകരം പിന്നീട് ക്രീസിലെത്തിയത് ഋഷഭ് പന്ത് ആയിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് ഓസീസ് ബൗളര്‍മാരെ കടന്നാക്രമിച്ചു. പന്തിന്‍്റെ ആക്രമണവും പൂജാരയുടെ പ്രതിരോധവും ഓസീസിനെ വട്ടംകറക്കി. ഇതിനിടെ പന്ത് നകിയ ചാന്‍സുകള്‍ ഓസ്ട്രേലിയ വിട്ടുകളയുകയും ചെയ്തു. കിട്ടിയ ലൈഫ് ഉപയോഗിച്ച്‌ പന്ത് ഫിഫ്റ്റി തികച്ചു. വെറും 64 പന്തുകളിലാണ് പന്ത് ഫിഫ്റ്റിയിലേക്ക് കുതിച്ചെത്തിയത്.

പോസിറ്റീവായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. ഓസീസ് ബൗളര്‍മാരെ മികച്ച രീതിയില്‍ നേരിട്ട ഓപ്പണര്‍മാര്‍ ആദ്യ വിക്കറ്റില്‍ 71 റണ്‍സിന്‍്റെ കൂട്ടുകെട്ടുയര്‍ത്തി. ഹേസല്‍വുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നന്നായി ബാറ്റ് ചെയ്തിരുന്ന ഗില്ലിനെ (31) ഹേസല്‍വുഡ് ടിം പെയ്ന്‍്റെ കൈകളില്‍ എത്തിച്ചു. ഗില്‍ പുറത്തായിട്ടും നന്നായി ബാറ്റിംഗ് തുടര്‍ന്ന രോഹിത് ലിയോണിനെതിരെ ബൗണ്ടറിയടിച്ച്‌ ഫിഫ്റ്റി നേടി. എന്നാല്‍, ഫിഫ്റ്റിക്ക് പിന്നാലെ, കമ്മിന്‍സിനെതിരെ ഒരു അനാവശ്യ ഷോട്ട് കളിച്ച്‌ താരം പുറത്തായി. രോഹിതിനെ (52) മിച്ചല്‍ സ്റ്റാര്‍ക്ക് പിടികൂടുകയായിരുന്നു.