ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് സൗദിയില്‍ ഇതിനകം കോവിഡ് വാക്സിന്‍ നല്‍കിയത്. ആദ്യ ഘട്ടത്തില്‍ തന്നെ വാക്സിന്‍ സ്വീകരിച്ചവരില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. വാക്‌സിന്‍ സ്വീകരിച്ചതോടെ കോവിഡിനെതിരെയുള്ള ആത്മ വിശ്വാസം വര്‍ധിച്ചതായും ഇവര്‍ പറയുന്നു. കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും എത്തിച്ചേ അതിരുകള്‍ പൂര്‍ണമായും തുറക്കൂ എന്ന് പ്രഖ്യാപിച്ച രാജ്യം കൂടിയാണ് സൗദി അറേബ്യ.

ആരോഗ്യ രംഗത്തുള്ള ഡോക്ടര്‍മാര്‍ക്കും പ്രായം കൂടിയ വ്യക്തികള്‍ക്കുമാണ് വാക്‌സിന്‍റെ ആദ്യ ഘട്ട വിതരണത്തില്‍ തന്നെ സൗദിയില്‍ അവസരം ലഭിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന് സ്വയം സന്നദ്ധരായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം വാക്സിന്‍ സൗജന്യമായി നല്‍കുന്നു. ഇതിനകം വാക്‌സിന്‍ സ്വീകരിച്ച സീനിയര്‍ വ്യക്തികള്‍ക്ക് ഉള്‍പ്പെടെ യാതൊരു പാര്‍ശ്വഫലങ്ങളും അനുഭവപ്പെട്ടിട്ടില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

മലയാളികള്‍ ഉള്‍പ്പെടുന്ന നിരവധി പ്രവാസികളാണ് രജിസട്രേഷന്‍ പൂര്‍ത്തിയാക്കി അനുമതിക്കായി കാത്തിരിക്കുന്നത്. വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കി മാര്‍ച്ച്‌ അവസാനത്തോടെ അതിരുകള്‍ സൗദി പൂര്‍ണമായും തുറക്കും. രണ്ടു ഡോസും സ്വീകരിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും സൗദി നല്‍കുന്നുണ്ട്