പത്തനാപുരം: ഗായികയും നാടക, ചലച്ചിത്ര നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന പാലാ തങ്കം (84) അന്തരിച്ചു. ഏറെ നാളുകളായി പത്തനാപുരം ഗാന്ധിഭവനില്‍ പാലിയേറ്റിവ് കെയര്‍ വിഭാഗത്തിലായിരുന്നു. ഞായറാഴ്ച രാത്രി 7.35 നാണ് തങ്കം വിട പറഞ്ഞത്.
കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ശരത്ചന്ദ്രഭവനില്‍ കുഞ്ഞുക്കുട്ടന്-ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി 1941 ഫെബ്രുവരി 26ന് ജനിച്ച രാധാമണി പാലാ തങ്കം എന്ന പേരില്‍ കലാരംഗത്ത് അറിയപ്പെടുകയായിരുന്നു. 10 വയസ്സുള്ളപ്പോള്‍ സംഗീതപഠനം തുടങ്ങി.
15ാം വയസ്സില്‍ ആലപ്പി വിന്സെന്റിെന്റ ‘കെടാവിളക്ക്’ എന്ന ചിത്രത്തില്‍ ‘താരകമലരുകള്‍ വാടി, താഴത്തുനിഴലുകള്‍ മൂടി…’ എന്ന ഗാനം പാടി മലയാള സിനിമാരംഗത്തേക്കുകടന്നു. തുടര്‍ന്ന്, നിരവധി ചിത്രങ്ങള്‍ക്കും നാടകങ്ങള്‍ക്കും പാടി. പാലായിലെ പള്ളികളിലെയും അമ്പലങ്ങളിലെയും ഏകാംഗനാടകങ്ങളിലൂടെയായിരുന്നു നാടകരംഗത്തേക്കുള്ള കടന്നുവരവ്.
എന്‍.എന്‍. പിള്ളയുടെ ‘മൗലികാവകാശം’ എന്ന നാടകത്തില്‍ എന്‍.എന്‍. പിള്ളയുടെയും കല്യാണിക്കുട്ടിയുടെയും മകളായി അഭിനയിച്ചാണ് പ്രഫഷനല്‍ നാടകരംഗത്തേക്ക് കടന്നുവന്നത്. വിശ്വകേരള കലാസമിതി, ചങ്ങനാശ്ശേരി ഗീഥ, പൊന്‍കുന്നം വര്‍ക്കിയുടെ കേരള തിയറ്റേഴ്സ് എന്നിവിടങ്ങളിലും തുടര്‍ന്ന്, കെ.പി.എ.സിയിലുമെത്തി. ‘ശരശയ്യ’യാണ് കെ.പി.എ.സിയില്‍ അഭിനയിച്ച ആദ്യനാടകം.
‘അന്വേഷണം’ എന്ന സിനിമക്കുവേണ്ടി എസ്. ജാനകിക്കൊപ്പം പാടി. ഉദയ സ്റ്റുഡിയോയില്‍ ‘റബേക്ക’യില്‍ അഭിനയിക്കുന്നതിനൊപ്പം ഇതേ ചിത്രത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായി. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ചിത്രങ്ങളിലും ശബ്ദം നല്കി. കേരള സംഗീതനാടക അക്കാദമി 2018ല്‍ ഗുരുപൂജാ പുരസ്കാരം നല്കി ആദരിച്ചു.
തങ്കത്തിെന്റ ഭര്‍ത്താവ് കേരള പൊലീസില്‍ എസ്.ഐയായിരുന്ന ശ്രീധരന് തമ്പി 25 വര്‍ഷം മുമ്പ് മരിച്ചു. മക്കള്‍: സോമശേഖരന്‍ തമ്പി, ബാഹുലേയന് തമ്പി, പരേതയായ മകള്‍ അമ്പിളി ചന്ദ്രമോഹന് ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു.