ജക്കാര്‍ത്ത : കടലില്‍ തകര്‍ന്ന് വീണ ഇന്തോനേഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ ഹൃദയഭേദകമായ അവസാന സന്ദേശങ്ങളും സെല്‍ഫികളും പുറത്ത് വന്നു. ശ്രീവിജയ എയറിന്റെ എസ്.ജെ 182 എന്ന ബോയിംഗ് 737- 500 ക്ലാസിക് വിമാനമാണ് കടലില്‍ തകര്‍ന്ന് വീണത്. ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ അറുപത്തിരണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്തിലെ യാത്രക്കാര്‍ വിമാനം തകരുന്നതിന് മുന്‍പായി അയച്ച സ്വകാര്യ സന്ദേശങ്ങളും സാമൂഹ്യ മാധ്യമ പോസ്റ്റുകളുമാണ് പുറത്തു വന്നത്. റാട്ടി വിന്‍ഡാനിയ എന്ന യുവതി മക്കളോടൊപ്പം ചേര്‍ന്ന് എടുത്ത സെല്‍ഫിയാണ് ആരുടേയും ഹൃദയം തകര്‍ക്കുന്നത്. ഒരു വലിയ അപകടത്തിലേയ്ക്ക് പോകുകയാണെന്ന് അറിയാതെ നിഷ്‌കളങ്കമായി ചിരിയ്ക്കുന്ന കുട്ടികള്‍ ആര്‍ക്കും വേദന നല്‍കുകയാണ്. വിമാനത്തില്‍ കയറിയ ഉടന്‍ എടുത്തതാണ് ഈ സെല്‍ഫി. യഥാര്‍ത്ഥത്തില്‍ മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യുവാനാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ചില കാരണങ്ങളാല്‍ അവസാന നിമിഷം ഈ വിമാനത്തിലേക്ക് മാറ്റുകയായിരുന്നു എന്നുമാണ് റാട്ടി വിന്‍ഡാനിയയുടെ സഹോദരന്‍ പറയുന്നത്.

വിമാനത്തില്‍ കയറുന്നതിനു മുന്‍പ് തന്റെ ഭര്‍ത്താവിന് വാട്‌സാപ്പ് വഴിയാണ് പോണ്ടിയാനക്കിലെ ഒരു മിഡില്‍ സ്‌കൂള്‍ അദ്ധ്യാപികയായ പാന്‍കാ വിഡിയ സന്ദേശം അയച്ചത്. അവിടെ എത്തിയാല്‍ ഉടന്‍ ഭര്‍ത്താവിനോടൊത്ത് റെസ്റ്റോറന്റില്‍ പോകുന്ന കാര്യമാണ് അവര്‍ ഏറ്റവും ഒടുവില്‍ അയച്ച സന്ദേശത്തിലുള്ളത്.

അതേസമയം, രക്ഷാപ്രവര്‍ത്തകര്‍ വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് ഇന്തോനേഷ്യയുടെ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ഏജന്‍സിയുടെ തലവന്‍ വ്യക്തമാക്കി. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളും മറ്റും വിവിധ ഭാഗങ്ങളില്‍ നിന്നായാണ് ലഭിച്ചത്. വിമാനം കൃത്യമായി തകര്‍ന്ന് വീണത് എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. ഇന്തോനേഷ്യന്‍ നേവിയുടെ ഒരു കപ്പലിന് തകര്‍ന്ന വിമാനത്തില്‍ നിന്നുള്ള സിഗ്നല്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍
തിരച്ചില്‍ നടത്തുന്നത്.