കേരള ബ്ലാസ്റ്റേഴ്സ് പതിവ് പോലെ ഒരിക്കല്‍ കൂടെ ലീഡ് തുലച്ചിരിക്കുകയാണ്‌. ഇന്ന് ഐ എസ് എല്ലില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ പകുതി അവസാനിക്കുമ്ബോള്‍ കേരള ബ്ലാസ്റ്റേഴ്സും ജംഷദ്പൂരും 1-1 എന്ന സ്കോറില്‍ നില്‍ക്കുകയാണ്. ആദ്യ പകുതിയില്‍ ഒരുപാട് അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും മുതലെടുക്കാത്തത് ആണ് കേരള ബ്ലാസ്റ്റേഴ്സിന് വിനയായത്.

ഗാരി ഹൂപ്പറിനും ജോര്‍ദന്‍ മറെയ്ക്കും ആദ്യ പകുതിയില്‍ സുവര്‍ണ്ണാവസരങ്ങള്‍ ലഭച്ചു എങ്കിലും വല കണ്ടെത്താന്‍ ആയില്ല‌. 22ആം മിനുട്ടില്‍ കോസ്റ്റ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നല്‍കിയത്. ഫകുണ്ടോ പരേര എടുത്ത ഒരു മനോഹര ഫ്രീകിക്കിക് നിന്ന് ഒരു ഹെഡറിലൂടെ ആണ് കോസ്റ്റ ഗോള്‍ നേടിയത്. ലീഡിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് കളി മറന്നു. 36ആം മിനുട്ടില്‍ ആണ് ജംഷദ്പൂരിന്റെ സമനില ഗോള്‍ വന്നത്.

ഫ്രീകിക്കില്‍ നിന്ന് വാല്‍സ്കിസ് ആണ് ആല്‍ബിനോയെ കീഴ്പ്പെടുത്തിയത്. ഈ ഐ എസ് എല്‍ സീസണിലെ ആദ്യ ഡയറക്‌ട് ഫ്രീകിക്ക് ആയിരുന്നു ഇത്. ആദ്യ പകുതിയുടെ അവസാനം ഒരു ഫ്രീ ഹെഡര്‍ കിട്ടി എങ്കിലും അതും മറെക്ക് ഗോളാക്കാന്‍ ആയില്ല.

ഇന്ന് പരാജയപ്പെട്ടാല്‍ കേരള ബ്ലാസ്റ്റേഴ്സ് ലീഗില്‍ അവസാന സ്ഥാനത്തേക്ക് താഴും. അതുകൊണ്ട് തന്നെ ഇന്ന് പരാജയപ്പെടാതെ ഇരിക്കേണ്ടത് കേരള ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ്‌.