ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും കടന്ന് സംഗീത സുരഭില അഭൗമനാദം ഡോ.കെ.ജെ യേശുദാസ് 81 ന്റെ നിറവില്‍. ഒന്‍പതാം വയസില്‍ തുടങ്ങിയ സംഗീത സപര്യ തലമുറകള്‍ പിന്നിട്ട് മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു.

എംബി ശ്രീനിവാസന്റെ സംഗീതത്തില്‍ കാല്‍പാടുകള്‍ എന്ന സിനിമയില്‍ ശ്രീനാരായണ ഗുരുവിന്റെ വരികള്‍ പാടി ആരംഭിച്ച സംഗീത യാത്ര മലയാള സിനിമാ ചരിത്രം അന്നേവരെ ശീലിച്ച ചലച്ചിത്ര സംഗീതത്തിന് ആസ്വാദനത്തിന്റെ പുതുവെളിച്ചം കൂടിയായിരുന്നു. അന്നു തൊട്ടിവന്നുവരെ യേശുദാസിന്റെ സംഗീതം കേള്‍ക്കാത്ത ദിവസങ്ങള്‍ മലയാളിക്ക് അന്യമായി. മതവും വര്‍ണവും ദേശവും ഭേദിച്ച സംഗീതത്തെ ആസ്വാദകര്‍ ദാസേട്ടന്‍ എന്ന് വിളിച്ചു. സംഗീതം എന്നതിലുപരി ഓരോ ഗാനങ്ങളും സ്വര പ്രപഞ്ചമായി മാറി.

വയലാര്‍, പി ഭാസ്‌കരന്‍, ബാബുരാജ്, ദക്ഷിണാ മൂര്‍ത്തി, കെ രാഘവന്‍ എന്നിങ്ങനെ മഹാരൂപികള്‍ അവരുടെ സര്‍ഗ സൃഷ്ടികളെ യേശുദാസ് എന്ന സംഗീത പ്രതിഭയിലേക്ക് സമര്‍പ്പിച്ചപ്പോള്‍ അത് മലയാളത്തിന്റെ ഗാനവസന്തങ്ങളായി വിരിഞ്ഞു.

ഹൃദയ സരസിലെ പ്രണയ പുഷ്പങ്ങള്‍ പോലെ, കാതില്‍ തേന്‍മഴയായി ചൈത്ര നിലാവിന്റെ പൊന്‍ വീണയിലൂടെ ഉതിര്‍ന്നു വീണു. പാലപ്പൂവിന്റെ മണമോലുന്ന ഗാനങ്ങള്‍ മലയാളികള്‍ ഏറ്റുപാടി.

പലഭാഷകളില്‍ മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍. ഗന്ധര്‍വ്വ സംഗീതം ആസ്വാദര്‍ക്ക്‌മേല്‍ പൂത്തുലഞ്ഞു.

കോഴിക്കോട് അബ്ദുള്‍ ഖാദറും മന്നാഡെയും മെഹ്ബൂബും ഉദയഭാനുവും കമുകറയുമെല്ലാം ഗ്രാമീണമായ ശബ്ദഭേദങ്ങളോടെ പാടിയപ്പോള്‍ സംഗീതത്തിനും മേലെ യേശുദാസ് ഒരു വികാരമായി മാറി. കാലം ഗാന ഗന്ധവര്‍വനായി കുടപിടിച്ചു. ആലാപനത്തിന്റെയും ശബ്ദ സൗന്ദര്യത്തിന്റെയും മാനകം യേശുദാസായി മാറി. അതേ, കാലം കാത്തുവച്ച അസുലഭ പ്രതിഭാസത്തിന് പിറന്നാള്‍ ആശംസകള്‍.