സിഡ്‌നി: നാലാം ദിനം കൂറ്റന്‍ റണ്‍സ് ലീഡ് കുറിച്ച് ഓസ്‌ട്രേലിയ. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യയെക്കാള്‍ 276 റണ്‍സിന് മുന്നിലെത്താന്‍ ആതിഥേയര്‍ക്ക് സാധിച്ചു. സ്റ്റീവ് സ്മിത്തും കാമറോണ്‍ ഗ്രീനുമാണ് ക്രീസില്‍. നേരത്തെ, ഓസ്‌ട്രേലിയക്കായി സ്മിത്തും ലബ്യുഷെയ്‌നും ചേര്‍ന്നാണ് നാലാം ദിനത്തിന് തുടക്കമിട്ടത്. ഇരുവരും അനായാസം റണ്‍സ് കണ്ടെത്തി. ഒപ്പം ഇന്ത്യയുടെ ഫീല്‍ഡിങ് പിഴവ് ലബ്യുഷെയ്‌ന് ഒരുതവണ ജീവന്‍ നല്‍കുന്നതും മത്സരം കണ്ടു. ആദ്യ സെഷനിലെ നാലാം പന്തില്‍ ലബ്യുഷെയ്‌നെ പിടികൂടാന്‍ ബുംറയൊരുക്കിയ അവസരം ബാക്ക്‌വാര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ നിന്ന വിഹാരി നഷ്ടപ്പെടുത്തി. തുടര്‍ന്ന് സ്മിത്തുമായി ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ട് തുന്നിച്ചേര്‍ത്ത ശേഷമാണ് ലബ്യുഷെയ്‌ന്റെ മടക്കം.
സെഞ്ച്വറിയിലേക്ക് ചുവടുവെച്ച ലബ്യുഷെയ്‌നെ (118 പന്തില്‍ 73) നവ്ദീപ് സെയ്‌നിയാണ് തിരിച്ചയച്ചത്. മാത്യു വെയ്ഡിനും ഏറെ ആയുസ്സുണ്ടായില്ല. സെയ്‌നിത്തന്നെ വെയ്ഡിനെയും പിന്നാലെ തിരിച്ചയച്ചു. ഇതേസമയം, വിക്കറ്റു വീഴ്ച്ചയൊന്നും സ്മിത്തിനെ ബാധിച്ചില്ല. സിഡ്‌നിയില്‍ സ്വതസിദ്ധമായ ശൈലിയില്‍ സ്മിത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ആധിപത്യം കുറിച്ചു. കയ്യില്‍ ആറ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ഒരു സെഷന്‍ കൂടി ബാറ്റു ചെയ്യാനാകും ഓസ്‌ട്രേലിയ തയ്യാറെടുക്കുന്നത്. ഒരുപക്ഷെ ചായയ്ക്ക് പിരിയുമ്പോള്‍ ആതിഥേയര്‍ ഡിക്ലയര്‍ ചെയ്യാന്‍ സാധ്യതയേറെ. ഈ സമയംകൊണ്ട് സ്‌കോര്‍ബോര്‍ഡില്‍ 350 റണ്‍സിന്റെ ലീഡ് കണ്ടെത്താനാകും സ്മിത്തിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയ ശ്രമിക്കുക. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.