കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനെ അജ്ഞാത വാഹനമിടിച്ച സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ടൗണ്‍ എ.എസ്.ഐ ശിവദാസിെന്റ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ഇതിെന്റ ഭാഗമായി റെയില്‍വേ സ്റ്റേഷന് വളപ്പിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അപകട ദൃശ്യങ്ങള്‍ ലഭ്യമല്ല. സിറ്റി പൊലീസിെന്റ സി.സി.ടി.വിയില്‍ ബാക് അപ് സൗകര്യമില്ല.
ബാക് അപ് ഇല്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു. അതിനാല്‍, ഇടിച്ച വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചില്ല. ഞായറാഴ്ച പരിസരത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും.
വ്യാഴാഴ്ച രാത്രി 9.45ഓടെ സുപ്രഭാതം ചീഫ് റിപ്പോര്‍ട്ടര്‍ അഷ്റഫ് ചേരാപുരം ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെ റെയില്‍വേ സ്റ്റേഷന് സമീപം ബൈക്കിടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോവുകയായിരുന്നു.
പരിക്കേറ്റ അഷ്റഫ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നഗരത്തില്‍ രാത്രി കാലങ്ങളില്‍ അജ്ഞാത വാഹനങ്ങള്‍ അപകടം വരുത്തുന്നത് പതിവാകുന്ന സാഹചര്യത്തില്‍ പൊലീസിെന്റ സി.സി.ടി.വിയിലെ ബാക് അപ് ലഭിക്കാത്തതുസംബന്ധിച്ച് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.