പന്തളം: മണ്ഡലമകരവിളക്ക് കാലത്തെ കുറിച്ച്‌ തീരുമാനമെടുക്കുന്നതിനായി ഉന്നതതല യോഗം 28ന് ചേരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു. പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപം പണി നടക്കുന്ന അന്നദാന മണ്ഡപവും മറ്റ് അനുബന്ധ സൗകര്യങ്ങളും വിലയിരുത്താന്‍ കൂടിയപ്പോഴാണ് പ്രസിഡന്റും അംഗങ്ങളും ഇത്തരത്തില്‍ അറിയിച്ചത്.

ഇത്തവണ തീര്‍ത്ഥാടനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും നടത്തുക .തീര്‍ത്ഥാടകരുടെ എണ്ണം സംബന്ധിച്ച്‌ ആരോഗ്യ വകുപ്പിന്റെ തീരുമാനം ഇതുവരെ വന്നിട്ടില്ല . സര്‍ക്കാരിന്റെയും പൊലീസിന്റെയും തീരുമാനം ഉള്‍കൊണ്ട് മാത്രമേ തീര്‍ത്ഥാടകരുടെ എണ്ണം സ്ഥിതീകരിക്കാന്‍ സാധിക്കുകയുള്ളു. കൊവിഡ് ഉള്ള ഒരാളും ശബരിമലയില്‍ എത്താന്‍ പാടില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം.

അതോടൊപ്പം എരുമേലി, നിലയ്ക്കല്‍, പമ്ബ തുടങ്ങിയ പ്രദേശങ്ങളില്‍ ആന്റിജന്‍ പരിശോധനയും സജ്ജമാക്കും, പരിശോധനാ ചെലവ് സ്വയം വഹിക്കണ്ടതാണ്. എങ്കിലും സ്‌പോണ്‍സറന്മാരെ കണ്ടെത്താനും ശ്രമം നടത്തിവരുന്നുണ്ട്.ഹൈക്കോടതി, സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം വെര്‍ച്വര്‍ ക്യു വഴിമാത്രമെ തീര്‍ത്ഥാടകരെ കടത്തിവിടുകയുള്ളൂ. ആചാരങ്ങള്‍ നിലനിറുത്തുന്ന രീതിയുണ്ടാവുമെങ്കിലും സാമൂഹ്യ അകലം നിര്‍ബന്ധമാക്കും. തന്ത്രിയുടെയും, പന്തളം കൊട്ടാരത്തിന്റെയും അഭിപ്രായങ്ങള്‍ മാനിച്ചു തന്നെയാകും നടപടികള്‍. പമ്ബാ സ്‌നാനം ഒഴിവാക്കാന്‍ തീരുമാനമായിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്രയും തങ്കഅങ്കി ഘോഷയാത്രയും സംബന്ധിച്ച്‌ പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

മെമ്ബര്‍മാരായ അഡ്വ. കെ.എസ്.രവി, അഡ്വ. എന്‍.വിജയകുമാര്‍ എന്നിവരും യോഗത്തില്‍ കൂടി. ദേവസ്വം ആറന്മുള എ.സി.എസ്.അജിത്കുമാര്‍, വലിയ കോയിക്കല്‍ എ.ഒ.എസ്.രാജിവ്കുമാര്‍, വലിയ കോയിക്കല്‍ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പൃഥി പാല്‍, നഗരസഭാ കൗണ്‍സിലര്‍ കെ.ആര്‍.രവി, ദേവസ്വം ഇലക്‌ട്രിക് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി.രാജേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.