ന്യൂഡല്‍ഹി : ചൈന തടഞ്ഞുവെച്ച ഇന്ത്യന്‍ കപ്പല്‍ തിരികെയെത്തുന്നു. ചരക്ക് കപ്പലായ എംവി ജാഗ് ആനന്ദാണ് കേന്ദ്രസര്‍ക്കാരിന്റെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് രാജ്യത്ത് തിരിച്ചെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15 മുതല്‍ കപ്പല്‍ ചൈനയിലെ ജിംഗ്ടാങ്ക് തുറമുഖത്ത് തടഞ്ഞുവെച്ചിരിക്കുകയിരുന്നു.
കപ്പല്‍ തുറമുഖത്തേക്ക് അടുപ്പിക്കാനോ, ചരക്ക് ഇറക്കാനോ ജീവനക്കാരെ മാറ്റാനോ ചെെനീസ് ഭരണകൂടം അനുദവിച്ചിരുന്നില്ല. കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചെെനയുടെ നടപടി. എന്നാല്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ചെെനയുടെ നീക്കമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ചെെനീസ് വിദേശകാര്യമന്ത്രിയുമായി ഉള്‍പ്പെടെ ബന്ധപ്പെട്ട് കപ്പല്‍ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ചൈന കപ്പല്‍ മോചിപ്പിച്ച വിവരം കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവിയ ആണ് അറിയിച്ചത്. കപ്പല്‍ ജപ്പാനിലെ ചിബ തുറമുഖത്തെത്തിയ ശേഷമാകും രാജ്യത്തേക്ക് തിരിക്കുക. ഈ മാസം 14 ന് കപ്പല്‍ ചിബാ തുറമുഖത്തെത്തും. ജീവനക്കാരെ കൊറോണ പരിശോധനയുള്‍പ്പെടെയുള്ള വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാകും കപ്പല്‍ ഇന്ത്യയിലേക്ക് തിരിക്കുക. ഈ മാസം 20 ഓടെ കപ്പല്‍ ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2020 ജനുവരിയിലാണ് എംവി ജാഗ് ആനന്ദ് 23 ജീവനക്കാരുമായി കല്‍ക്കരി കൊണ്ടുവരുന്നതിനായി ഇന്ത്യന്‍ തീരത്തു നിന്നും പുറപ്പെട്ടത്. തുടര്‍ന്ന് മെയില്‍ ചരക്കുമായി തിരിച്ച കപ്പല്‍ ജൂണോടെ ജിംഗ് ടാങ്ക് തുറമുഖത്തെത്തി. എന്നാല്‍ ചരക്ക് ഇറക്കാന്‍ തുറമുഖ അധികൃതര്‍ വിസമ്മതിച്ചതോടെ കപ്പല്‍ തുറമഖത്ത്തന്നെ കുടുങ്ങുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കപ്പല്‍ ഉടമകളായ ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിംഗ് ലിമിറ്റഡ് അധികൃതര്‍ പല തവണ ചൈനീസ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയത്.