യു.കെയില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തെക്കാള്‍ കൂടുതല്‍ വ്യാപന ശേഷിയുള്ള പുതിയ വൈറസുകള്‍ അമേരിക്കയിലുണ്ടായിരിക്കാമെന്ന് റിപോര്‍ട്ടുകള്‍. വ്യാപന ശേഷി കൂടിയ കോവിഡ് വൈറസിന്റെ പുതിയൊരു വകഭേദം അമേരിക്കയില്‍ പടരാന്‍ സാധ്യതയുണ്ടെന്നാണ്‌ വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ മുന്നറിയിപ്പ് പറയുന്നത്.

വൈറസിന്റെ പുതിയ വകഭേദം ഇതിനോടകം തന്നെ രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ വസന്തകാലത്തും വേനല്‍കാലത്തും റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളെക്കാള്‍ ഇരട്ടിയോളം വര്‍ധനവാണ് അടുത്തിടെ അമേരിക്കയിലുണ്ടായത്. ഈ വര്‍ധനവ് കോവിഡിന്റെ പുതിയ വകഭേദം രൂപപ്പെട്ടുവെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മാസ്‌ക് ധരിക്കുന്നതിലും സാമൂഹ്യ അകലം പാലിക്കുന്നതിലും വിട്ട് വീഴ്ച സംഭവിച്ചാല്‍ കോവിഡ് വ്യാപനം അതിവേഗത്തിലാകുമെന്നും ടാസ്‌ക് ഫോഴ്‌സിന്റെ മുന്നറിയിപ്പ് പറയുന്നു. രോഗവ്യാപനം തടയാന്‍ മികച്ച പ്രതിരോധന നടപടികള്‍ ആവശ്യമാണെന്നും വൈറ്റ് ഹൗസ് കൊറോണ ടാസ്‌ക് ഫോഴ്‌സ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപോര്‍ട്ടുകള്‍ പറയുന്നു.