യു.എസ് പാര്‍ലമെന്‍റിന് നേരെ ട്രംപ് അനുയായികളുടെ ആക്രമണത്തിന് ശേഷം സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടിക്കെതിരെ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജ്വസി സൂര്യ. നിയന്ത്രണങ്ങളില്ലാത്ത വലിയ ടെക് കമ്പനികളുടെ ജനാധിപത്യത്തിനെതിരായ ഭീഷണിയാണ് ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി.

ഇത്തരത്തില്‍ ട്രംപിന്‍റെ അക്കൗണ്ട് മരവിപ്പിക്കാമെങ്കില്‍ ഇവിടെ ആരുടെ അക്കൗണ്ടും ഇങ്ങനെ മരവിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും തേജസ്വി സൂര്യ പറഞ്ഞു. കേന്ദ്രം ഇത്തരം കമ്ബനികളെ നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്നും ബെംഗളൂരു സൗത്ത് എം.പികൂടിയായ തേജസ്വി സൂര്യ ആവശ്യപ്പെട്ടു.

ട്രംപിന്‍റെ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്ത രണ്ട് ട്വീറ്റുകളും നേരത്തെ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. 12 മണിക്കൂര്‍ നേരത്തേക്ക് ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു. ആക്രമ ആഹ്വാനത്തിന് ഇനിയും സാധ്യതയുള്ളതിനാല്‍ അക്കൗണ്ട് സ്ഥിരമായി സസ്പെന്‍ഡ് ചെയ്യാന്‍ ട്വിറ്റര്‍ തീരുമാനിക്കുകയായിരുന്നു