ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍ വീണ്ടും അധികാരത്തിലേക്ക്. ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജസിന്തയുടെ ലേബര്‍ പാര്‍ട്ടി വന്‍ വിജയം നേടി. കൊവിഡ് മഹാമാരിയെ വിജയകരമായി നേരിട്ടത് ജസിന്തയുടെ തെരഞ്ഞെടുപ്പിലെ സുഗമമായ വിജയത്തിന് വഴിതെളിച്ചു. ന്യൂസിലാന്‍ഡില്‍ ഇതുവരെ ഉണ്ടായവരില്‍ വച്ച് ഏറ്റവും കഴിവുറ്റ ഭരണാധികാരിയായാണ് ജസിന്തയെ രാജ്യാന്തര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

40കാരിയായ ജസിന്ത തന്റെ രണ്ടാം വട്ട ഭരണത്തിന് ശക്തമായ അടിത്തറയാണ് പാകിയിരിക്കുന്നത്. 1930ല്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് സമ്പ്രദായം ആരംഭിച്ചത് തൊട്ട് ലേബര്‍ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ലഭിച്ചതില്‍ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്തവണ.

87 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 49 ശതമാനം വോട്ട് ലേബര്‍ പാര്‍ട്ടി നേടി. ഇതിലൂടെ 64-120 സീറ്റ് പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. പ്രതിപക്ഷമായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ട് ലഭിച്ചു. 2002 മുതലുള്ള കണക്ക് നോക്കിയാല്‍ പാര്‍ട്ടിക്ക് ലഭിച്ച ഏറ്റവും മോശം വോട്ടിംഗ് ശതമാനമാണിത്.