കൊച്ചി: സ്വര്‍ണം, കറന്‍സി കടത്തു കേസുകളിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഔദ്യോഗിക വസതിയില്‍ ചെന്നിരുന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്ത കസ്റ്റംസ് ഇതു സംബന്ധിച്ച സൂക്ഷ്മ വിവരങ്ങള്‍ അയ്യപ്പനില്‍നിന്ന് ശേഖരിച്ചു.

ഇതോടെ, സ്പീക്കറെ ചോദ്യം ചെയ്യാനുള്ള വഴി കസ്റ്റംസിന് തുറന്നു കിട്ടി. സ്പീക്കറുടെ വസതിയില്‍ വിദേശ കറന്‍സി അടങ്ങിയ ബാഗ് കൈ മാറിയെന്നാണ് സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരുന്നത്. ഇരുവരുടെയും സന്ദര്‍ശനം സ്പീക്കറുടെ ജീവനക്കാരന്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. സ്വപ്‌നയും സരിത്തും വികാസ് ഭവനില്‍ നിയമസഭാ കോംപ്ലക്‌സില്‍ സ്പീക്കറുടെ ഔദ്യോഗിക വസതിയായ നീതിയില്‍ ചെന്നിരുന്നെന്നും സ്വപ്‌നയെ ഒന്നിലേറെ തവണ നേരിട്ട് കണ്ടിട്ടുണ്ടെന്നും അയ്യപ്പന്‍ പറഞ്ഞതായാണ് വിവരം. സ്പീക്കറുടെ യാത്രകളും പരിപാടികളും നിശ്ചയിക്കുന്നതില്‍ കെ. അയ്യപ്പന് പ്രധാന പങ്കുണ്ട്.

സ്വപ്‌ന, സ്പീക്കറെ സ്വകാര്യ ചടങ്ങില്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ വന്നതാണെന്ന ന്യായം അയ്യപ്പന്‍ പറഞ്ഞു. എന്നാല്‍, ആ പരിപാടിയുമായി ബന്ധമില്ലാത്ത സരിത്തിന്റെ സാന്നിധ്യം സംബന്ധിച്ച വിശദീകരണത്തിന് വിഷമിച്ചു. എന്നാണ് സ്വപ്‌ന നീതിയിലെത്തിയത്, എപ്പോള്‍, എന്തായിരുന്നു ദൗത്യം തുടങ്ങിയ കാര്യങ്ങളില്‍ ഓര്‍മയില്ല, രേഖകള്‍ നോക്കണം തുടങ്ങിയ മറുപടികളാണ് അയ്യപ്പന്‍ നല്‍കിയത്. സ്വപ്‌നയുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായ ആശയ വിനിമയം നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തമായ മറുപടിയില്ല. അയ്യപ്പനെ ഇനിയും ചോദ്യം ചെയ്യും.

സ്പീക്കറെ ചോദ്യം ചെയ്യാന്‍ നടപടി തടസ്സങ്ങള്‍ ഉണ്ടോ എന്ന കാര്യത്തില്‍ കസ്റ്റംസ് കൂടുതല്‍ നിയമോപദേശം തേടി. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെയുള്ള നിയമജ്ഞരുടെ സഹായമാണ് തേടിയത്. നിയമസഭാ സമ്മേളനത്തിലാണെങ്കിലും ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെടാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍ ഹാജരാകാനുള്ള തീയതി സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്.

നിയമസഭാംഗങ്ങള്‍ക്കും സഭാമന്ദിരത്തിലെ ജീവനക്കാര്‍ക്കും നിയമ പരിരക്ഷ തുല്യമാണെന്ന് സ്പീക്കര്‍ വിശദീകരിച്ചത് തെറ്റാണെന്നാണ് തെളിയുന്നത്. നിയമസഭാ ചട്ടം 164, 165 അനുസരിച്ച്‌ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് 14 ദിവസത്തിനു മുന്‍പും സമ്മേളനം കഴിഞ്ഞ് 14 ദിവസവും സിവില്‍ നടപടികളില്‍നിന്ന് എംഎല്‍എയ്ക്ക് പരിരക്ഷയുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഒരു സാധാരണ പൗരനു ലഭിക്കുന്ന ആനുകൂല്യം മാത്രമേ എംഎല്‍എക്കുള്ളൂ. സഭാ മന്ദിര പരിസരത്ത് അറസ്റ്റ് ചെയ്യുന്നെങ്കില്‍ മാത്രമേ അനുമതിപോലും വേണ്ടതുള്ളൂ.