വിജയ് നായകനാവുന്ന പുതിയ ചിത്രം മാസ്റ്റര്‍ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം. കെ.രംഗദാസ് എന്ന വ്യക്തിയാണ് മാസ്റ്ററിനെതിരെ മോഷണാരോപണവുമായി രംഗത്ത് എത്തിയത്.

തന്റെ കഥ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ആരോപിച്ചു. 2017 ഏപ്രില്‍ 7 നാണ് കഥ രജിസ്റ്റര്‍ ചെയ്തതെന്നും രംഗദാസ് പറഞ്ഞു.

തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഇയാള്‍ അവകാശപ്പെട്ടു. ഈ മാസം 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു.

ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.

ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്. ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകളും ട്രെയ്ലറും പാട്ടുകളുമെല്ലാം വലിയ ഹിറ്റായിരുന്നു.