കോഴിക്കോട്: കോവിഡ് വ്യാപനത്തിനിടയിലും വാഹനാപകടങ്ങളില്‍ പരിക്കേറ്റ് ചികിത്സക്കെത്തുന്നവര്‍ക്ക് കുറവില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസേന 10 മതല്‍ 20 വരെ കേസുകളാണ് റോഡപകടത്തില്‍ പരിക്കേറ്റ് എത്തുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയന്‍ പറഞ്ഞു.
കൈകളുടെയും കാലുകളുടെയും എല്ലുകള്‍ പൊട്ടിയ നിലയിലും തലക്ക് പരിക്കേറ്റ നിലയിലും നിരവധി പേരാണ് ദിവസവും ആശുപത്രിയിലെത്തുന്നത്. നിലവില്‍ ആശുപത്രിയില്‍ താഴെ നില പൂര്‍ണമായും കോവിഡ് രോഗികള്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. മുകള്‍നിലകള്‍ മാത്രമാണ് മറ്റു രോഗികള്ക്കായിട്ടുള്ളത്.
അവിടെയാണെങ്കില്‍ രോഗികള്‍ നിറഞ്ഞ് തറയില്‍ കിടക്കേണ്ട അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. ഇതില്‍ കോവിഡ് രോഗികള്‍ ഉണ്ടോ എന്നുള്ള കാര്യം പോലും കൃത്യമായി കണ്ടെത്താനാവാത്ത അവസ്ഥയാണ്. ആന്റിജന്‍ പരിശോധന നടത്തിയാണ് കോവിഡ് ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുന്നത്.
അതില്‍ കോവിഡ് ലക്ഷണങ്ങള്‍ ഉള്ള രോഗികള്‍ക്ക് ആന്റിജന്‍ പരിശോധന നെഗറ്റിവ് ആയാലും ആര്.ടി .പി.സി.ആര് നടത്തി രോഗം ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കും. അതിനനുസരിച്ചാണ് രോഗികളെ മാറ്റുക.
അതിനിടെ മറ്റു രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ കോവിഡ് അവരിലേക്ക് വ്യാപിക്കാനുള്ള സാധ്യത കൂടുകയാണ്.