കൊച്ചി: നടി ആക്രമിച്ച കേസില്‍ ജയില്‍ സൂപ്രണ്ടിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസിലെ മാപ്പുസാക്ഷി ജയില്‍ മോചിതനായതിനെതിരെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ഇയാള്‍ ജാമ്യം എടുക്കാതെ എങ്ങനെ ജയില്‍ മോചിതനായെന്ന് വിചാരണ കോടതി ചോദിച്ചു. അതേസമയം സംഭവത്തില്‍ അപൂര്‍ണമായ റിപ്പോര്‍ട്ടാണ് വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് നല്‍കിയത്. ഈ വിഷയത്തിലാണ് കോടതി സൂപ്രണ്ടിന്റെ വിളിച്ച്‌ വരുത്തി ശാസിച്ചത്.

നേരത്തെ വിപില്‍ ലാലിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിരുന്നു. പക്ഷേ ഇയാള്‍ ജാമ്യം എടുത്തിരുന്നില്ല. ഇയാളെ ജയിലില്‍ തന്നെ പാര്‍പ്പിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. അതേസമയം വിപിന്‍ ലാലിന്റെ പരാതിയില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് കെബി ഗണേഷ് എംഎല്‍എയുടെ പിഎ പ്രദീപിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിപിന്‍ ലാല്‍ ജാമ്യത്തില്‍ ഇറങ്ങിയതിന്റെ രേഖകള്‍ ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇത് പരിശോധിച്ചപ്പോഴാണ് ഇയാള്‍ ജാമ്യമില്ലാതെയാണ് പുറത്തിറങ്ങിയതെന്ന് വ്യക്തമായത്.

നേരത്തെ തന്നെ ഇയാള്‍ക്കെതിരെയുള്ള മറ്റൊരു കേസില്‍ വിപില്‍ ലാലിന് ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് 2018ല്‍ വിയ്യൂര്‍ ജയില്‍ അധികൃതര്‍ ഇയാളെ മോചിപ്പിക്കുകയായിരുന്നു. ദിലീപിന്റെ ആവശ്യം പരിഗണിച്ച്‌ എല്ലാം വ്യക്തമായ കോടതി, തുടര്‍ന്ന് വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എജി സുരേഷിനെ വിശദീകരണം നല്‍കാനായി വിളിച്ച്‌ വരുത്തുകയായിരുന്നു. മാപ്പുസാക്ഷിയെ വിട്ടയച്ച സംഭവത്തില്‍ തൃപ്തികരമായ മറുപടി നല്‍കാരനും ജയില്‍ സൂപ്രണ്ടിന് സാധിച്ചില്ല. തുടര്‍ന്നാണ് കോടതിയുടെ ശകാരമുണ്ടായത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഈ മാസം പതിനൊന്നിന് വിസ്താരം വീണ്ടും തുടങ്ങും. ഇതിനിടെ കേസില്‍ കോടതിക്ക് മുന്നിലുള്ള ഹര്‍ജികളില്‍ വേഗം തീര്‍പ്പുണ്ടാകണമെന്ന് പുതിയ പ്രോസിക്യൂട്ടര്‍ അനില്‍ കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച്ചകളില്‍ അടക്കം പ്രവര്‍ത്തിച്ച്‌ വിചാരണ വേഗത്തിലാക്കാമെന്ന് കോടതിയും അറിയിച്ചു. 21 മുതല്‍ കേസിലെ വിചാരണ വീണ്ടും ആരംഭിക്കും. നേരത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ എ സുരേഷന്‍ രാജിവെച്ചിരുന്നു. തുടര്‍ന്നാണ് അനില്‍ കുമാര്‍ എത്തിയത്. നേരത്തെ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി നടിയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചിരുന്നില്ല.