ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് ധനസഹായ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ കര്‍ണാടക‌ സര്‍ക്കാര്‍. പാവപ്പെട്ട യുവതികള്‍ക്ക് വിവാഹ ധനസഹായമായി 25,000 രൂപ വീതവും പാവപ്പെട്ട പൂജാരിമാരെ വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് മൂന്നു ലക്ഷം രൂപവീതവും നല്‍കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

അരുന്ധതി, മൈത്രേയി എന്നീ പദ്ധതികള്‍ക്കാണ് ആദ്യഘട്ടമെന്ന നിലയില്‍ ഇപ്പോള്‍ തുടക്കം കുറിക്കുന്നതെന്ന് ബ്രാഹ്മണ വികസന ബോര്‍ഡ് ചെയര്‍മാനും ബിജെപി നേതാവുമായ എച്ച്‌. എസ്. സച്ചിദാനന്ദ മൂര്‍ത്തി പറഞ്ഞു. അരുന്ധതി പദ്ധതി പ്രകാരം ദരിദ്ര പശ്ചാത്തലമുള്ള 550 ബ്രാഹ്മണ യുവതികള്‍ക്ക് 25,000 രൂപവീതം വിവാഹധനസഹായമായി നല്‍കും.

ദരിദ്ര ചുറ്റുപാടില്‍നിന്നുള്ള ബ്രാഹ്മണ പൂജാരിമാരെ വിവാഹം കഴിക്കുന്ന ബ്രാഹ്മണ യുവതിക്ക് മൂന്ന് ലക്ഷത്തിന്റെ ബോണ്ട് നല്‍കുന്നതാണ് മൈത്രേയി പദ്ധതി. നിലവില്‍ 25 യുവതികള്‍ക്കാണ് ഇത് ലഭ്യമാകുക.