കോഴിക്കോട്: ഓരോ വോട്ടറെയും നേരില്‍ കണ്ട് വോട്ട് തേടുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോവിഡ് കാലത്തെ നിബന്ധനകള്‍ തിരിച്ചടിയാകും. കൈകൊടുത്തും കുശലം പറഞ്ഞും ആലിംഗനം ചെയ്തും വോട്ട് തേടുന്ന വിദ്യ ഇത്തവണയുണ്ടാകില്ല. സമ്മതിദായകര്‍ സ്ഥാനാര്‍ഥിയെയും സ്ഥാനാര്‍ഥികള്‍ സമ്മതിദായകരെയും അകലത്തില്‍ നിര്‍ത്തും. അടുപ്പം കാണിക്കേണ്ട സമയത്ത് സാമൂഹിക അകലം എന്ന ആയുധം പുറത്തെടുക്കേണ്ട അവസ്ഥയാണ്. ഇല്ലെങ്കില്‍ രോഗം പടര്‍ന്ന് കിട്ടേണ്ട വോട്ട് പോലും ഇല്ലാതാകും.
രാജ്യത്തുതന്നെ ആദ്യമായിട്ടാണ് ഏറ്റവും അടിത്തട്ടിലുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് കോവിഡ് കാലത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ഒഴികെ എല്ലാ വീടുകളിലും സ്ഥാനാര്‍ഥികള്‍ കയറിയിറങ്ങിയാണ് വോട്ട് ചോദിക്കുന്നത്. വീടിനുള്ളിലേക്ക് സ്ഥാനാര്‍ഥികളും കൂടെയുള്ളവരും കടക്കരുതെന്ന് കരട് മാര്‍ഗനിര്‍ദേശത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, വീട്ടില്‍ കയറിയില്ലെങ്കില്‍ വോട്ട് കിട്ടില്ലെന്ന് സര്‍വകക്ഷി യോഗത്തില്‍ വിവിധ പാര്‍ട്ടി പ്രതിനിധികള്‍ അഭിപ്രായപ്പെടുകയായിരുന്നു. ബന്ധുവീടുകളിലെങ്കിലും കയറിയില്ലെങ്കില്‍ മോശമാകുമെന്ന അഭിപ്രായമായിരുന്നു എല്ലാവര്ക്കും. ഇതോടെ അന്തിമ മാര്ഗനിര്ദേശത്തില്നിന്ന് ഇതൊഴിവാക്കി.
മുന്നണികളിലെ സീറ്റ് വിഭജനവും പാര്‍ട്ടികളിലെ സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കി അനൗദ്യോഗിക പ്രചാരണങ്ങള്‍ക്കും തുടക്കമായിട്ടുണ്ട്. എന്നാല്‍, വാര്‍ഡിലെ മുതിര്‍ന്ന പൗരന്മാരെയും വിശ്രമ ജീവിതം നയിക്കുന്ന മുന്‍കാല നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ട് അനുഗ്രഹം വാങ്ങുന്നതിനും കോവിഡ് നിബന്ധന തടസ്സമാകുന്നതായി സ്ഥാനാര്ഥിക്കുപ്പായമിട്ടവര് പറയുന്നു. പല വീടുകളിലും റിവേഴ്സ് ക്വാറന്റീന് കര്‍ശനമാക്കിയിട്ടുണ്ട്. ഓപണ്‍ വോട്ട് എന്ന ഓമനപ്പേരില്‍ വൃദ്ധരെയും കിടപ്പുരോഗികളെയും അതത് പാര്‍ട്ടിക്കാരുടെ ഇഷ്ടപ്രകാരം വോട്ട്ചെയ്യിക്കുന്ന പ്രവണതയും ഇത്തവണ കുറയും. ക്വാറന്റീനിലുള്ളവര്‍ക്ക് തപാല്‍ വോട്ടിന് സൗകര്യമുണ്ടെങ്കിലും റിവേഴ്സ് ക്വാറന്റീനിലുള്ളവര്‍ക്ക് ഇത് ബാധകമല്ല. കിടപ്പുരോഗികളെയും മറ്റും പോളിങ് ബൂത്തിലെത്തിക്കുന്നത് പുതിയ സാഹചര്യത്തില്‍ കടുത്ത വെല്ലുവിളിയാകും.