ലക്‌നൗ: പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയുമായി മുസ്ലീം യുവാവ് ഒളിച്ചോടി. ഇന്‍സ്റ്റഗ്രാമിലൂടെ ആള്‍മാറാട്ടം നടത്തി ഹിന്ദുവെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷമാണ് ആലം അന്‍സാരി എന്ന യുവാവ് പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞത്. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലാണ് സംഭവം.

അനുമോള്‍ മിശ്ര എന്ന വ്യാജ പേരില്‍ നിര്‍മ്മിച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആലം അന്‍സാരി പെണ്‍കുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പ്രണയം നടിച്ച ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞത്. ജനുവരി 2 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വ്യാജ പേരില്‍ അക്കൗണ്ട് നിര്‍മ്മിച്ച കാര്യം കണ്ടെത്തിയത്.

അന്വേഷണത്തിനായി രണ്ട് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ജനുവരി 3ന് ഇവരുടെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പോലീസ് ബല്‍റാംപൂരിലെത്തിയെങ്കിലും യുവാവ് അവിടെ നിന്നും പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞു. അന്‍സാരിയുടെ സമൂഹ മാദ്ധ്യമങ്ങളും കോണ്‍ടാക്‌ട് ലിസ്റ്റും പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിശ്വാസ്യത വര്‍ധിപ്പിക്കാനായി വ്യാജ അക്കൗണ്ടില്‍ ഐ ലവ് ഇന്ത്യന്‍ ആര്‍മി എന്ന വാചകവും ആലം അന്‍സാരി ഉള്‍പ്പെടുത്തിയിട്ടുണ്ട്.