വാഷിങ്ടണ്‍: യു.എസ് പാര്‍ലമെന്‍റായ ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തിനിടെ ഇന്ത്യന്‍ പതാക വീശിയത് മലയാളി. എറണാകുളം സ്വദേശി വിന്‍സന്‍റ് സേവ്യര്‍ പാലത്തിങ്കല്‍ ലാണ് പതാക വീശിയത്.

സമരവേദികളില്‍ ഓരോ രാജ്യക്കാരും സ്വന്തം ദേശീയപതാകയുമായി വരാറുണ്ടെന്നും ആദ്യമായാണ് ഇന്ത്യന്‍ പതാകയുമായി പ്രതിഷേധിക്കുന്നതെന്നും വിന്‍സന്റ് പറഞ്ഞു. ഡെമോക്രാറ്റുകളാണ് നുഴഞ്ഞു കയറി പ്രശ്‌നമുണ്ടാക്കിയത്. വംശീയവാദികളാണ് പ്രതിഷേധത്തിനു പിന്നിലെന്ന പ്രചാരണത്തിന്‍റെ മുനയൊടിക്കാനാണ് ഇന്ത്യന്‍ പതാകയുമായി പോയതെന്നും വിന്‍സന്റ് പറയുന്നു. വിന്‍സന്റ് തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

പതാക വീശിയത് താന്‍ തന്നെയാണെന്ന ആരോപണം അദ്ദേഹം ചാനല്‍ ചര്‍ച്ചകളില്‍ നിഷേധിച്ചില്ല. എന്നാല്‍, പ്രക്ഷോഭത്തിനിടെ 50ഓളം പേര്‍ മാത്രമാണ് ആക്രമണം നടത്തിയതെന്നും അവരാണ് സമരത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിയതെന്നും വിന്‍സന്‍റ് പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ബിജെപി നേതാവ് വരുണ്‍ ഗാന്ധി, ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവര്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തി. ഇന്ത്യക്കാര്‍ മാത്രമല്ല, വിയറ്റ്‌നാമികള്‍, കൊറിയക്കാര്‍ തുടങ്ങിയ നിരവധി പേര്‍ അവരുടെ ദേശീയ പതാകയുമായി സമരത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് സേവ്യറിന്‍റെ വിശദീകരണം.