കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, ഇന്ത്യന്‍ ഓയിലും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കുള്ള പുതുവര്‍ഷ സമ്മാനമായി കോ-ബ്രാന്‍ഡഡ് കോണ്‍ടാക്ട്ലെസ് റുപേ ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു.എസ്ബിഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖര, ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ എന്നിവര്‍ ചേര്‍ന്ന് വിര്‍ച്വല്‍ ചടങ്ങിലൂടെ എസ്ബിഐ-ഇന്ത്യന്‍ ഓയില്‍ കോ-ബ്രാന്‍ഡഡ് റുപേ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി.
ഏറെ സവിശേഷതകളോടെയാണ് കാര്‍ഡ് എത്തുന്നത്.ഇന്ത്യന്‍ ഓയില്‍ ഇന്ധന സ്റ്റേഷനുകളില്‍ ഓരോ 200 രൂപ ചെലവഴിക്കുമ്പോഴും ആറിരട്ടി റിവാര്‍ഡ് പോയിന്റുകള്‍, ഇന്ധനം വാങ്ങുമ്പോള്‍ 0.75% വിലമതിക്കുന്ന  ലോയല്‍റ്റി പോയിന്റുകള്‍, ഒറ്റ ടാപ്പിലൂടെ ഒരു ഇടപാടില്‍ അയ്യായിരം രൂപ വരെയുള്ള കോണ്‍ടാക്ട്ലെസ് പണമടയ്ക്കല്‍,ഡൈനിങ്, മൂവീസ്, ബില്ലടയ്ക്കല്‍ എന്നിവയിലൂടെയുള്ള ചെലവഴിക്കലിന് റിവാര്‍ഡ് പോയിന്റുകള്‍, ഇതേ ആവശ്യങ്ങള്‍ക്കായുള്ള റെഡീം സൗകര്യം, മാസ പരിധിയില്ലാതെ ഇന്ധനം വാങ്ങാനുള്ള സൗകര്യം, ഇന്ത്യയില്‍ എവിടെയും ഉപയോഗിക്കാനുള്ള സൗകര്യം തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. എസ്ബിഐയുടെ ഹോം ബ്രാഞ്ച് സന്ദര്‍ശിച്ച് കോ-ബ്രാന്‍ഡഡ് റുപേ ഡെബിറ്റ് കാര്‍ഡിനായി അപേക്ഷിക്കാം.
ഇന്ത്യന്‍ ഓയിലുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ എസ്ബിഐ-ഇന്ത്യന്‍ ഓയില്‍ കോണ്‍ടാക്റ്റ്ലെസ് റുപേ ഡെബിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും, കാര്‍ഡ് ഉടമകള്‍ക്ക് ഇന്ധനം വാങ്ങുന്നതിലൂടെ പ്രതിഫലദായകമായ അനുഭവം പ്രദാനം ചെയ്യുക മാത്രമല്ല, സുരക്ഷിതവും സൗകര്യപ്രദവുമായ കോണ്‍ടാക്ട്ലെസ് പേയ്മെന്റുകള്‍ ഉപയോഗിക്കുന്നത് ഉപഭോക്താക്കളുടെ ദൈനംദിന വാങ്ങലുകള്‍ ലളിതമാക്കുമെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖര പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള ബാങ്കര്‍ ആകാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്, ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, ഇടപാടുകള്‍ എന്നിവയില്‍ ഡിജിറ്റല്‍ സംരംഭങ്ങളുടെ പങ്ക് വര്‍ധിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ സഹപൗരന്മാര്‍ക്ക് സമാനതകളില്ലാത്ത സൗകര്യങ്ങള്‍ നല്‍കുന്നതിന്, രാജ്യത്ത് ഏറ്റവുമധികം ഡെബിറ്റ് കാര്‍ഡ് ഉടമകളുള്ള എസ്ബിഐയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞു. നിലവിലെ മഹാമാരി സാഹചര്യത്തില്‍, പണരഹിതവും തടസരഹിതവുമായ പേയ്മെന്റ് തെരഞ്ഞെടുക്കുന്നതിന് ഇത് അനുയോജ്യമായ രീതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.