തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലി ആരംഭിച്ച തര്‍ക്കം തന്ത്രങ്ങളും മറുതന്ത്രങ്ങളും നിര്‍ണായക കരുനീക്കങ്ങളും ഇരുവിഭാഗവും സജീവമാക്കിയതോടെ ഇടതുമുന്നണിയില്‍ എന്‍.സി.പിയിലെ രണ്ടിലൊരു വിഭാഗമേ ശേഷിക്കൂ എന്ന സ്ഥിതിയായി.
എന്‍.സി.പി നേതാക്കളുടെ മനസ്സറിയാല് ദേശീയനേതൃത്വം തന്നെ സംസ്ഥാനത്ത് എത്തുമെന്ന് വ്യക്തമായതോടെ തല്ക്കാലം പരസ്യമായി പുറത്തുവന്നില്ലെങ്കിലും വരുംദിവസങ്ങളില്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും നിലപാട് എടുക്കേണ്ടിവരുമെന്നും ഉറപ്പായി.
എന്‍.സി.പിയിലെ ഒരു വിഭാഗം യു.ഡി.എഫിലും മറുവിഭാഗം എല്‍.ഡി.എഫിലും നിലനില്‍ക്കുമെന്ന അഭ്യൂഹം ശക്തമാക്കുന്ന നീക്കമാണ് 48 മണിക്കൂറിനുള്ളില്‍ അരങ്ങേറിയത്. മുന്നണി മാറ്റത്തെ അനുകൂലിക്കാത്ത മന്ത്രി എ.കെ. ശശീന്ദ്രന് ദേശീയ പ്രസിഡന്റ് ശരത് പവാറിനെയും പ്രഫുല്‍ പേട്ടലിനെയും കണ്ടിരുന്നു.
പാലായിലേക്ക് കേരളാ കോണ്‍ഗ്രസ് (എം) കണ്ണയക്കുന്നതില് നെഞ്ചിടിപ്പുള്ള മാണി സി. കാപ്പനും സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനും മുംബൈക്ക് പറന്നു. ശശീന്ദ്രന് എല്‍.ഡി.എഫിെന്റ തുടര്‍ഭരണ സാധ്യതയും മുന്നണിയില്‍ തുടരുന്നതിെന്റ സാധ്യതയും വിശദീകരിച്ചപ്പോള്‍ പാര്‍ട്ടി വിജയിച്ച സീറ്റ് വിട്ടുകൊടുക്കേണ്ട ഭീഷണിയാണ് പീതാംബരനും മാണി സി. കാപ്പനും പവാറിെന്റ ശ്രദ്ധയില്‍പെടുത്തിയത്.
പാര്‍ട്ടിയിലെ പ്രബലരായ രണ്ട് നേതാക്കള്‍ യു.ഡി.എഫുമായി രഹസ്യമായി ചര്‍ച്ച നടത്തിയത് അടക്കം സി.പി.എം നിരീക്ഷിക്കുകയാണ്. ഇൗ വിഭാഗം തിരിച്ചുവരാന്‍ കഴിയാത്തവിധം ചരടുവലികള്‍ നടത്തിയെന്നാണ് ശശീന്ദ്രന് വിഭാഗത്തിെന്റ ആരോപണം. ഇത് ശരിവെക്കുന്നതരത്തിലാണ് ടി.പി. പീതാബരന്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തെ ഇകഴ്ത്തി പ്രതികരിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു.