കോട്ടയം: സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ഡോ. എസ്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് ജില്ലകളില്‍ സന്ദര്‍ശനം നടത്തും. ഇന്ന് കോട്ടയത്തും നാളെ ആലപ്പുഴയിലുമാണ് സന്ദര്‍ശനം.

കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ രോഗം പകരുന്നത് നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചകളില്‍ പരിശോധനകളുടെ എണ്ണം കുറഞ്ഞതിലെ ആശങ്കയും അറിയിച്ചിരുന്നു.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ധനവിന്റെ കാരണവും കേന്ദ്ര സംഘം വിലയിരുത്തും. സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിഴവുണ്ടായോ എന്ന് പരിശോധിക്കും. തിങ്കളാഴ്ച്ച സംഘം ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. രാജ്യത്ത് ഏറ്റവുമധികം സജീവ കേസുകളുള്ള 10 നഗരങ്ങളില്‍ ആറെണ്ണം കേരളത്തിലാണ്. എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കൊല്ലം എന്നിവയാണ് ഈ ജില്ലകള്‍. രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സജീവ കേസുകള്‍ ഉള്ളത് കേരളത്തിലാണ്. 62,000ത്തില്‍ അധികം രോഗികളാണ് രോഗമുക്തി കാത്തു കിടക്കുന്നത്. രാജ്യത്തെ മൊത്തം കേസുകളുടെ 25 ശതമാനമാണിത്.

അതേസമയം, കോവിഡ് വാക്‌സിന്‍ വിതരണം നടത്തുന്നതിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന ഡ്രൈ റണ്ണിന്റെ (മോക് ഡ്രില്‍) രണ്ടാംഘട്ടം ഇന്ന് നടക്കും. കോവിഷീള്‍ഡ്-കോവാക്സിന്‍ വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് രണ്ടാംഘട്ട ഡ്രൈ റണ്‍. രാജ്യത്തെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ ഉണ്ടാകും. കേരളത്തില്‍ 14 ജില്ലകളിലായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുന്നത്.

കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,51,457 പേരാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യ വകുപ്പിന് ലഭിച്ച 100 ശതമാനം പേരുടേയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.