തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ആയ കെ അയ്യപ്പന് ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകണം. ഇന്ന് ഹാജരാകുമെന്നാണ് അയ്യപ്പന് അറിയിച്ചിരിക്കുന്നത്. കൊച്ചിയിലെ ഓഫീസില്‍ രാവിലെ പത്തിന് എത്താനാണ് അറിയിച്ചിരിക്കുന്നത്. കസ്റ്റംസ് മൂന്നാം തവണയാണ് അയ്യപ്പന് നോട്ടീസ് അയച്ചിരിക്കുന്നത്.
അയ്യപ്പനെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമാണെന്ന് നിയമസഭാ സെക്രട്ടറി നേരത്തെ അറിയിച്ചിരുന്നു. നിയമസഭാ ചട്ടം 165 പ്രകാരം നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ കത്ത് കസ്റ്റംസ് തള്ളുകയും ചെയ്തു. പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് ഇന്ന് തുടാനിരിക്കെയാണ് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകാന്‍ ഒരുങ്ങുന്നത്.
സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കര്‍ക്ക് എതിരെയുണ്ട്. ഇതേ തുടര്‍ന്നാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്.
അതേസമയം അടുത്ത ആഴ്ച കസ്റ്റംസിന് മുന്നില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കേരള നിയമസഭയുടെ അധ്യക്ഷന്‍ എത്തേണ്ടി വരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പ്രതി പട്ടികയില്‍ പി ശ്രീരാമകൃഷ്ണന് എന്ന പേര് എഴുതി ചേര്‍ക്കുമോ അതോ അദ്ദേഹത്തിന് നിരപരാധിത്വം തെളിയിക്കാനാകുമോ എന്നത് ചോദ്യം ചെയ്യലില്‍ നല്കുന്ന മറുപടികളെ ആശ്രയിച്ചിരിക്കും